ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പേര് വാനോളം ഉയര്‍ത്താനൊരുങ്ങുകയാണ് തൃശൂര്‍ പാടൂര്‍ സ്വദേശി ലുക്ക്മാനുല്‍ ഹക്കീം. സാംബോ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ലുക്മാന്‍ മത്സരരംഗത്തിറങ്ങുന്നത്.
സാംബോയിൽ ആദ്യ മെഡല്‍ നേട്ടം കേരളത്തിന് വേണ്ടിയായിരുന്നു. മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ലുഖ്മാനുല്‍ ഹക്കീം നേടിയത് മിന്നും ജയം. അതൊരു തുടക്കം മാത്രമായിരുന്നു. ഇന്നിപ്പോള്‍ ലുക്മാനുല്‍ ഹക്കീം മത്സരരംഗത്തുള്ളത് ലോകരാജ്യങ്ങള്‍ക്കിടിയല്‍ ഇന്ത്യയുടെ അഭിമാനമാകാനാണ്.
റഷ്യന്‍ ആയോധന കലയായ സാംബോ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഉസ്‌ബൈക്കിസ്ഥാനില്‍ വെച്ച് ഏപ്രില്‍ 14 മുതല്‍ 20 വരെയാണ് നടക്കുന്നത്. അണ്ടര്‍ 18 കാറ്റഗറിയിലാണ് ലുക്ക്മാനുല്‍ ഹക്കീം മത്സരിക്കുന്നത്. ലുക്ക്മാനുല്‍ ഹക്കീമിന് മികച്ച വിജയം കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് പരിശീലകനായ സാംബെ ജില്ലാ അസോസിയേഷന്‍ സെക്രട്ടറി അന്‍വര്‍ മരയ്ക്കാര്‍ പറഞ്ഞു.
വെങ്കിടങ്ങ് സാമറായ് ടൈഗേഴ്‌സ് മാര്‍ഷ്യല്‍ അക്കാദമിയില്‍ കഴിഞ്ഞ നാല് വര്‍ഷമായി പരിശീലനം നടത്തിവരികയാണ് ലുക്മാന്‍. അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ലുക്ക്മാന്‍ പാടൂര്‍ സ്വദേശി ഷുക്കൂറിന്റെയും ഷെഫിതയുടെയും മകനാണ. ലുക്മാനെ കൂടാതെ ഇന്ത്യക്കായി രണ്ട് പേരാണ് കേരളത്തില്‍ നിന്ന് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്നത്.