മെൽബൺ: ബിഗ് ബാഷ് ടൂര്‍ണമെന്റിനിടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ സാം ഹാർപ്പറിനു തലയ്ക്കു പരുക്ക്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പരിശീലനത്തിനിടെയാണ് മെൽബൺ സ്റ്റാർസിന്റെ താരമായ സാമിനു തലയ്ക്കു പരുക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലുള്ള താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണു വിവരം. സിഡ്നി സിക്സേഴ്സിനെതിരായ മത്സരത്തിനായി നെറ്റ്സിൽ പരിശീലിക്കുമ്പോഴാണു താരത്തിനു തലയ്ക്കു പരുക്കേറ്റത്.
തൊട്ടുപിന്നാലെ മെൽബണ്‍ സ്റ്റാർസ് പരിശീലനം നിർത്തിവച്ചു. ഹെൽമറ്റിന്റെ ഗ്രില്ലിനു താഴ്ഭാഗത്തു പന്തിടിച്ചാണു താരത്തിനു പരുക്കുണ്ടായതെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു. ക്ലബ്ബിന്റെ ഡോക്ടർ എത്തി ഉടൻ തന്നെ രക്തസ്രാവം തടഞ്ഞ ശേഷമാണു താരത്തെ ആശുപത്രിയിലേക്കു മാറ്റിയത്. താരത്തിന്റെ കഴുത്തിന്റെ ഭാഗത്തു പൊട്ടലുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബിഗ് ബാഷ് ലീഗിനിടെ സാം ഹാര്‍പ്പറിന് മുൻപും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 2020 ജനുവരിയിൽ ബിഗ് ബാഷ് മത്സരത്തിനിടെ ഹൊബാർട്ട് ഹറികെയ്ൻസ് ടീമിന്റെ നേഥൻ എല്ലിസുമായി കൂട്ടിയിടിച്ചും താരത്തിനു പരുക്കേറ്റിരുന്നു. 2017ൽ വിക്കറ്റ് കീപ്പിങ്ങിനിടെ ബാറ്റ് ഇടിച്ചും താരം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.