മുംബൈ: ഈ വർഷം ജൂണിൽ യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചു. ജൂൺ 1ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ആദ്യ മത്സരം. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ഗ്രൂപ്പ് എ യിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂൺ 5ന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9ന് ഇന്ത്യ – പാക്കിസ്ഥാൻ ത്രില്ലർ പോരാട്ടം ന്യൂയോർക്കിൽ നടക്കും.
ജൂൺ 12ന് ഇന്ത്യ– യുഎസ് മത്സരവും ന്യൂയോർക്കിലാണ്. ജൂൺ 15ന് കാനഡയ്ക്കെതിരായ പോരാട്ടം ഫ്ലോറിഡയിലും നടക്കും. കരുത്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ബി ഗ്രൂപ്പില്‍ ഒരുമിച്ചു വരും. നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ ടീമുകളും ബി ഗ്രൂപ്പിലാണ്. സി ഗ്രൂപ്പിൽ വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനി ടീമുകളും ഡി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലദേശ്, നെതർലൻഡ്സ്, നേപ്പാൾ ടീമുകളും കളിക്കും.