ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പിന്നാലെ സൂപ്പര്‍ കപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. ഐഎസ്എല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങിയ നായകന്‍ അഡ്രിയാന്‍ ലൂണ സൂപ്പര്‍ സൂപ്പര്‍ കപ്പില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ലൂണയ്ക്ക് അവധി നീട്ടി നല്‍കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ നാട്ടിലേക്ക് തിരിച്ചത്. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ ഉടന്‍ ടീമിനൊപ്പം ചേരാനാവില്ലെന്നാണ് ലൂണ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ നായകന്‍ അഡ്രിയാന്‍ ലൂണ ഉണ്ടാകില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചു. സൂപ്പര്‍ കപ്പ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നല്ല ബോധ്യമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലൂണയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ക്ലബ് പരിഗണന നല്‍കുകയാണെന്ന് ആരാധകര്‍ക്കായി പുറത്തിറക്കിയ സന്ദേശത്തില്‍ ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കുന്നു. ലൂണ ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ലബ്ബ് കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന സൂപ്പര്‍ കപ്പില്‍ ബെംഗളൂരു എഫ്‌സി ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്‌സും ഉള്ളത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍, ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഏപ്രില്‍ 16നാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്‌സ് പോരാട്ടം നടക്കുക. ഇവര്‍ക്ക് പുറമേ യോഗ്യതാ മത്സരത്തില്‍ ജയിച്ചെത്തുന്ന ഒരു ടീം കൂടി ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് എ. ഏപ്രില്‍ മൂന്ന് മുതല്‍ ആറ് വരെയാണ് യോഗ്യതാ മത്സരങ്ങള്‍ അരങ്ങേറുക.