വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്‍റെ ചരിത്ര ജയം സ്വന്തമാക്കി ആസ്ട്രേലിയ. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര ഓസീസ് തൂത്തുവാരി (3-0). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകരുടെ ഇന്നിങ്സ് 24.1 ഓവറിൽ 86 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ 6.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ ലക്ഷ്യത്തിലെത്തി.
സേവ്യർ ബാർട്ലെറ്റിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് വിൻഡീസ് ബാറ്റിങ്ങിന്‍റെ നടുവൊടിച്ചത്. ഓപ്പണർ അലിക് അത്തനാസെയാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. 60 പന്തിൽ 32 റൺസെടുത്താണ് താരം പുറത്തായത്. ഓസീസ് ബൗളിങ്ങിനു മുന്നിൽ ബാക്കിയുള്ളവരെല്ലാം ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞു. റോസ്റ്റൺ ചേസ് 12 റൺസും കീസി കാർറ്റി 10 റൺസും എടുത്തു. മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നു പേർ റണ്ണൊന്നും എടുക്കാതെ മടങ്ങി. ആസ്ട്രേലിയക്കെതിരെ ഏകദിനത്തിൽ വിൻഡീസിന്‍റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്. വിൻഡീസ് ഏകദിന ചരിത്രത്തിൽ അഞ്ചാമത്തെയും.