കൊച്ചി: നൃത്ത പരിപാടിയ്ക്ക് ശേഷം കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. സമീപകാലത്ത് കളിക്കളത്തിൽ ഒരു മൂന്നാം കക്ഷി കായിക ഇതര പരിപാടി നടത്തിയതാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് ബ്ലാസ്റ്റേഴ്സ് ആരോപിച്ചു. ഇത് തടയാൻ ഒരു മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറയുന്നു. ഇത് പരോക്ഷമായി ജിസിഡിഎയ്‌ക്കെതിരെയുള്ള വിമർശനമാണ്.
ഡിസംബർ 29നാണ് കലൂർ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ദിവ്യ ഉണ്ണിയ്‌ക്കൊപ്പം 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറിയത്. പരിപാടിയില്‍ പങ്കെടുത്ത ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ ഗുരുതരമായി പരുക്കേറ്റതിനു പിന്നാലെയാണ് പരിപാടിയെ സംബന്ധിച്ചും സുരക്ഷാ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും ക്രമക്കേടുകള്‍ കണ്ടെത്തിയത്.