Share this Article
ഒളിക്യാമറ വിവാദം; ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച് ചേതന്‍ ശര്‍മ
വെബ് ടീം
posted on 17-02-2023
1 min read
Chetan Sharma resigns as BCCI chief selector

ഒളിക്യാമറ വിവാദത്തിന് പിന്നാലെ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച് ചേതന്‍ ശര്‍മ. ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍. ബിസിസിഐ സെക്രട്ടറി ജയ് ഷാ രാജി അംഗീകരിച്ചു.

ബിസിസിഐയെ പ്രതിസന്ധിയിലാക്കുന്നതും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്നതുമാണ് കഴിഞ്ഞ ദിവസം ചേതന്‍ ശര്‍മ നടത്തിയ വെളിപ്പെടുത്തലുകള്‍. പല വെളിപ്പെടുത്തലിലും ഐസിസി നടപടി പോലും പ്രതീക്ഷിക്കാമെന്ന സാഹചര്യത്തിലാണ് ചേതന്‍ ശര്‍മ ബിസിസിഐയ്ക്ക് രാജിക്കത്ത് കൈമാറിയത്. 

പല താരങ്ങളും കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി കുത്തിവെയ്പ് എടുക്കാറുണ്ടെന്നും ഇത് ഉത്തേജകമരുന്ന് പരിശോധനയില്‍ കണ്ടെത്താനാവില്ലെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ ഈഗോ പ്രശ്നങ്ങളുണ്ട്. കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടാന്‍ കാരണം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അസ്വാരസ്യങ്ങളാണെന്നും ചേതന്‍ ശര്‍മ പറയുന്നു. 

മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ ആരാധകര്‍ തങ്ങളെ വെറുതെ വിടില്ല. ഇഷാന്‍ കിഷന്‍ ഏകദിന ഡബിള്‍ സെഞ്ചുറി നേടിയതോടെ ടീമിലെ സഞ്ജുവിന്റെ സ്ഥാനം ഏറെക്കുറെ അവസാനിച്ചെന്നും ചേതന്‍ ശര്‍മ വീഡിയോയില്‍ പറയുന്നുണ്ട്. ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരുടെ കരിയര്‍ അവസാനിച്ച മട്ടാണ്. ഹര്‍ദികും താനുമായി നല്ല ബന്ധമാണെന്നും ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ ഉള്‍പ്പെടെ പല താരങ്ങളും തന്നെ സ്ഥിരമായി വീട്ടില്‍ സന്ദര്‍ശിക്കാറുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്. 

ടീം സെലക്ഷനില്‍ നിരവധി വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ പക്ഷപാതത്തെ സാധൂകരിക്കുന്നതാണിത്. താരങ്ങളുടെ വര്‍ത്തമാനവും ഭാവിയുമെല്ലാം തങ്ങളുടെ കൈകളിലാണെന്നും ചേതൻ വെളിപ്പെടുത്തി.  കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നപ്പോഴും ചേതന്‍ ശര്‍മ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകളില്‍ സീനിയര്‍ താരങ്ങളുള്‍പ്പെടെ ബിസിസിഐയെ അതൃപ്തി അറിയിച്ചിരുന്നു. ചേതന്‍ ശര്‍മക്കെതിരെ ബിസിസിഐ നടപടി പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സെക്രട്ടറി ജയ് ഷായ്ക്ക് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ഇന്ത്യ-ഓസ്ട്രേലിയ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് രാജി.
 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories