പതിനാലാമത് സിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളവിഷൻ ന്യൂസ് ടീം ജേതാക്കളായി.ഫൈനലില്‍ കാലിക്കറ്റ് പ്രസ് ക്ലബ് ഇലവനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളവിഷന്‍ ന്യൂസ് ഇലവന്‍ കിരീടം ചൂടിയത്. കേരളവിഷന്‍ ന്യൂസിന്റെ വസീം അഹമ്മദ് ഫൈനലിലെ പ്ലയര്‍ ഓഫ് ദ മാച്ചായി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ സിപി സിയാദിനെ പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായും മികച്ച ബൗളറായും തെരഞ്ഞെടുത്തു.കേരളവിഷന്റെ കെ.പ്രതീഷാണ് ടൂര്‍ണമെന്റെിലെ മികച്ച ബാറ്റ്‌സ്മാന്‍. മാർച്ച് രണ്ടിന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിക്കും.
ഫൈനലിൽ കേരളവിഷൻ ന്യൂസിന് വേണ്ടി കെ.പ്രതീഷ്, വിപിൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്നുപേർ റൺഔട്ടാവുകയായിരുന്നു. നിബിൻ നവാസ് ക്യാപ്റ്റനും റിയാസ് കെ.എം.ആർ വൈസ് ക്യാപ്റ്റനുമായ ടീമിലെ മറ്റു താരങ്ങൾ വിക്കറ്റ് കീപ്പർ റഫീഖ് തോട്ടുമുക്കം, കെ.ബി.ലിബീഷ്, സിജിൽ ദാസ്, പി.സനോജ്, കെ.ആർ.സുജിൻ, പി.എസ്. അമീർ എന്നിവരാണ്. കേരളവിഷൻ ന്യൂസ് എം.ഡി.പ്രിജേഷ് ആച്ചാണ്ടി, ഡയറക്ടർ എ.സി.നിസാർ ബാബു തുടങ്ങിയവർ ടീമിന്റെ വിജയാഹ്ലാദത്തിൽ പങ്കാളികളായി. രാവിലെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ലീഗ് മത്സരത്തിൽ സി.ഒ.എ സംസ്ഥാന ഇലവൻ, സി.ഒ.എ കോഴിക്കോട് ഇലവൻ, കേരളവിഷൻ സ്റ്റാഫ് ഇലവൻ, ബ്രോഡ്കാസ്റ്റേഴ്സ് ഇലവൻ എന്നീ ടീമുകളും മത്സരിച്ചിരുന്നു.