ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സലിം ദുരാനി അന്തരിച്ചു. 88 വയസായിരുന്നു. ഗുജറാത്തിലെ ജാം നഗറിലെ വസതിയിലായിരുന്നു അന്ത്യം. അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്റ് താരമാണ്. ഇടം കൈയ്യന്‍ ബാറ്ററും ഇടംകൈയ്യന്‍ സ്പിന്നറുമായ ദുരാനി ഇന്ത്യയ്ക്കായി 50 ഇന്നിംഗ്സുകളില്‍ പാഡണിഞ്ഞു. ഏഴ് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 1,202 റണ്‍സും 75 വിക്കറ്റും സ്വന്തമാക്കി. 1961-62ല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നേട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം നിര്‍ണായകമായി. ഇന്ത്യക്കായി 29 ടെസ്റ്റുകളും അദ്ദേഹം കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്ത്, രാജസ്ഥാന്‍, സൗരാഷ്ട്ര ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ദുരാനി ഒരു ക്രിക്കറ്റ് ഇതിഹാസമായിരുന്നെന്നും ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ഉയര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്നും പ്രധാനമന്ത്രി അനുശോചിച്ചു.