ഐഎസ്എല്ലില്‍ ബ്ലാസ്റ്റർസിന് നാണംകെട്ട തോല്‍വി. ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.
ഈസ്റ്റ് ബംഗാളിനോടുള്ള മത്സരത്തിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു . എന്നാൽ ഈ മത്സരത്തിലെ തോല്‍വി ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് താങ്ങാനാവുന്നതിലും അപ്പുറമാണ്. ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടികൊടുത്തത് ചെര്‍ണിച്ചാണ്.രണ്ടാമത്തേത് സെല്‍ഫ് ഗോളും.
മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് രണ്ട് ചുവപ്പ് കാര്‍ഡുകളും ലഭിച്ചു.തുടര്‍ന്ന് ഒന്‍പത് പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്. ഈ്സ്റ്റ് ബംഗാളിനായി സോള്‍ ക്രസ്‌പോയും മഹേഷ് സിങ്ങും ഇരട്ടഗോളുകൾ നേടി.ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് തുടക്കം തന്ന് പിഴച്ചിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ മൂന്ന് താരങ്ങള്‍ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.ഹോര്‍മിപാം റൂയിവ, നവോച്ച സിങ്, ജീക്‌സണ്‍ സിങ് എന്നിവര്‍ക്കാണ് മഞ്ഞ കാര്‍ഡ് ലഭിച്ചത്. എന്നാല്‍ 24-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. രാഹുല്‍ മുന്നിലേക്ക് നല്‍കിയ പന്ത് ഓടിയെടുത്ത ചെര്‍ണിച്ച് പന്ത് ഗോള്‍വര കടത്തി.
ആദ്യ പകുതിയുടെ അവസാനം ജീക്സൺ സിംഗ് കളിയിലെ രണ്ടാം മഞ്ഞക്കാര്‍ഡും അത് വഴി ചുവപ്പ് കാര്‍ഡും വാങ്ങി.ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് 10 പേരായി ചുരുങ്ങി. പിന്നാലെ ഈസ്റ്റ് ബംഗാള്‍ ഗോൾ നേടി ഒപ്പമെത്തി. മലയാളി താരം വിഷ്ണുവിനെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ കരണ്‍ജിത് ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്രെസ്‌പോ വലയിലെത്തിച്ചു. 73-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്ത് മുന്നേറി.
പിന്നീടങ്ങോട്ട് ക്രെസ്‌പോ തന്നെയായിരുന്നു താരം. തൊട്ടുപിന്നാലെ നവോച്ച സിംഗ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഈസ്റ്റ് ബംഗാള്‍ താരം അമനെ തലകൊണ്ട് ഇടിച്ചതിനാണ് നവോച്ചയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. എൺപതി രണ്ടാം മിനുട്ടിലും എണ്‍പത്തിയേഴാം മിനിറ്റിലും ഗോൾ നേടി മഹേഷ് ഈസ്റ്റ് ബംഗാലിന്റെ വിജയമുറപ്പിച്ചു.