മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഐഫോൺ കടയുടമകൾ കൊണ്ടുപോയി. കഴിഞ്ഞ ആറു മാസമായി കാംബ്ലിക്ക് ഫോണില്ല. ഒരു ഐഫോണ്‍ അദ്ദേഹം ഉപയോഗിച്ചിരുന്നെങ്കിലും ഫോണ്‍ റിപ്പയര്‍ ചെയ്തതിനുള്ള 15,000 രൂപ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഫോണ്‍ കടയുടമ എടുത്തുകൊണ്ടുപോകുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കാംബ്ലി, കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
ആശുപത്രി വിട്ടെങ്കിലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ താരത്തെയും കുടുംബത്തെയും അലട്ടുന്നുണ്ട്. ബിസിസിഐയിൽനിന്നു ലഭിക്കുന്ന 30,000 രൂപ ഉപയോഗിച്ചാണ് കാംബ്ലിയും കുടുംബവും ജീവിക്കുന്നത്. രാഷ്ട്രീയ കക്ഷികൾ താരത്തിന് സാമ്പത്തിക സഹായവും നൽകുന്നുണ്ട്.
കുടുംബം താമസിക്കുന്ന വീട് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. മെയിന്റനൻസ് ഫീസായി 18 ലക്ഷത്തോളം രൂപ, കാംബ്ലി ഹൗസിങ് സൊസൈറ്റിയിലേക്കു നൽകാനുണ്ട്. ഈ തുകയ്ക്കായി ഹൗസിങ് സൊസൈറ്റി കേസ് നടത്തുകയാണെന്നും അടുത്തുതന്നെ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരുമെന്നും കാംബ്ലിയുടെ ഭാര്യ പ്രതികരിച്ചു.
താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാംബ്ലി ബുധനാഴ്ചയാണ് ഡിസ്ചാർജായത്. താരത്തിന് അണുബാധയുണ്ടായതായും തലച്ചോറിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയിരുന്നു. ആളുകൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകരുതെന്നും, ജീവിതം നശിപ്പിക്കാൻ അതു മതിയെന്നും മുൻ ഇന്ത്യൻ താരം പുതുവർഷ സന്ദേശത്തിൽ പ്രതികരിച്ചു. കാംബ്ലിയുടെ ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഇനിയും ചികിത്സ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.