ഐഎസ്എല്ലില്‍ വിജയ പരമ്പര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സ്വന്തം തട്ടകമായ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നോര്‍ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. രാത്രി 7.30നാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.
16 കളികളില്‍ നിന്നായി 6 ജയവും 8 തോല്‍വിയും 2 സമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി നിലവില്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 16 കളികളില്‍ നിന്ന് 6 ജയവും 6 സമനിലയും 4 തോല്‍വിയുമായി 24 പോയിന്റുള്ള നോര്‍ത് ഈസ്റ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ലീഗില്‍ മികച്ച ഫോമില്‍ ആയതിനാല്‍ നോര്‍ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിക്കുന്നത് ബ്ലാസ്റ്റേഴ്സിന് ശ്രമകരമായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.