ഡെറാഡൂൺ: ദേശീയ ഗെയിംസ് വനിതാ വിഭാഗം റോവിങ്ങിൽ കേരളത്തിനു സ്വർണം. കോക്സ്‍ലസ് ഫോർ ഇനത്തിൽ റോസ് മരിയ ജോഷി, വർഷ കെ.ബി, അശ്വത്, മീനാക്ഷി എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിന് ഒൻപതാം സ്വർണം നേടിക്കൊടുത്തത്.
വനിതാ കോക്സ്‍ലസ് പെയർ ഇനത്തിൽ വിജിന മോളും അലീന ആന്റോയും വെള്ളി മെഡൽ വിജയിച്ചു. വനിതാ ഡബിൾസ് സ്കൾസ് ഇനത്തിൽ ഗൗരി നന്ദയ്ക്കും സാനിയ കൃഷ്ണനും വെള്ളിയുണ്ട്. അതേസമയം വനിതാ ക്വാഡ്രപ്പ്ൾ സ്കൾ മത്സരത്തിൽ കേരളം വെങ്കല മെഡലും സ്വന്തമാക്കി.പുരുഷ ഫുട്ബോളില്‍ അസമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് കേരളം ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിൽ 3–2നായിരുന്നു കേരളത്തിന്റെ വിജയം. ഒന്‍പതു സ്വർണവുമായി മെഡൽ ടേബിളിലെ എട്ടാം സ്ഥാനക്കാരാണു കേരളം. ഒൻപതു വെള്ളിയും ആറു വെങ്കലവും കേരളത്തിനുണ്ട്. 28 സ്വർണമുള്ള കർണാടകയാണ് ഒന്നാം സ്ഥാനത്ത്.