നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 4 വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 251 റണ്‍സ് കണ്ടെത്തിയാണ് വിജയം പിടിച്ചത്.
അത്ര വലിയ സ്കോർ ഒന്നുമല്ലാതിരുന്നിട്ടും മറുപടി ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. 19 റണ്‍സില്‍ നില്‍ക്കെ ഇന്ത്യക്ക് അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാരെ നഷ്ടമായി. ഇന്ത്യയെ പിന്നീട് ശ്രേയസ് അയ്യര്‍- ശുഭ്മാന്‍ ഗില്‍ സഖ്യവും പിന്നാലെ ഗില്‍- അക്ഷര്‍ പട്ടേല്‍ സഖ്യവും ചേര്‍ന്നു കരകയറ്റി.ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയത്തിനു കരുത്തായത്. അര്‍ഹിച്ച സെഞ്ച്വറിയാണ് ശുഭ്മാന്‍ ഗില്ലിനു നഷ്ടമായത്. താരം 96 പന്തില്‍ 14 ഫോറുകള്‍ സഹിതം 87 റണ്‍സെടുത്തു പുറത്തായി.
ശ്രേയസ് അയ്യരുടെ അതിവേഗ അര്‍ധ സെഞ്ച്വറി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി. താരം വെറും 30 പന്തില്‍ 50 റണ്‍സെടുത്തു ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചു. 36 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 59 റണ്‍സെടുത്തു ശ്രേയസ് പുറത്തായി.