അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാനത്തേതും മൂന്നാമത്തേയുമായ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 142 റണ്‍സിനാണ് ഇന്ത്യയുടെ ജയം. സെഞ്ചറി നേടിയ ശുഭ്മന്‍ ഗില്ലാണു കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 356 റണ്‍സാണ് അടിച്ചുകൂട്ടിയത്. 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്സ് ആരംഭിച്ചത്. ടീം ആറോവറില്‍ 60-റണ്‍സിലെത്തി. പിന്നാലെ ബെന്‍ ഡക്കറ്റ് പുറത്തായി. 22 പന്തില്‍ നിന്ന് 34 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഫിലിപ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്ത്തി.ടോം ബാന്റണ്‍(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ പിന്നീടിറങ്ങിയവരെ വേഗം കൂടാരം കയറ്റിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഗസ് ആറ്റ്ക്കിന്‍സണ്‍(38) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.നേരത്തെ നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 356 റണ്‍സ് സ്‌കോര്‍ ചെയ്തത്. സെഞ്ച്വറി പ്രകടനത്തോടെ(102 പന്തില്‍ 112 റണ്‍സ്) മികച്ച ഇന്നിങ്സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോര്‍.