കൊളംബോ: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരി. ആദ്യ മത്സരം 49 റൺസിനു ജയിച്ച ലങ്ക, രണ്ടാം മത്സരത്തിൽ 174 റൺസിന്‍റെ ജയമാണ് കുറിച്ചിരിക്കുന്നത്.ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിന്‍റെ (101) സെഞ്ചുറിയും നിഷാൻ മധുഷ്കയുടെയും (51) ക്യാപ്റ്റൻ ചരിത അസലങ്കയുടെയും (78 നോട്ടൗട്ട്) ചേർന്ന് 281/4 എന്ന മികച്ച സ്കോറിലെത്തിച്ചു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയൻ ബാറ്റിങ് നിര വെറും 107 റൺസിനു കൂടാരം കയറി.29 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. സ്മിത്തിനെ കൂടാതെ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് (22), ഓപ്പണർ ട്രാവിസ് ഹെഡ് (18) എന്നിവർ മാത്രമാണ് രണ്ടക്ക സ്കോർ നേടിയത്.ഓസ്ട്രേലിയയുടെ ആദ്യ മൂന്ന് വിക്കറ്റും പിഴുത ലങ്കൻ പേസ് ബൗളർ അസിത ഫെർണാണ്ടോ തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയാണ് സന്ദർശകർക്കു നൽകിയത്. തുടർന്ന് ദുനിത് വെല്ലലാഗെയുടെ നാല് വിക്കറ്റ് പ്രകടനവും വനിന്ദു ഹസരംഗയുടെ മൂന്ന് വിക്കറ്റ് പ്രകടനവും കൂടിയായപ്പോൾ ഓസ്ട്രേലിയക്ക് ഒന്നു പൊരുതിനോക്കാൻ പോലുമായില്ല.രണ്ടാം മത്സരത്തിലെ അപരാജിത അർധ സെഞ്ചുറിക്കു മുൻപ് ആദ്യ മത്സരത്തിൽ സെഞ്ചുറിയും നേടിയ ലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്കയാണ് പ്ലെയർ ഓഫ് ദ സീരീസ്.