രഞ്ജി ട്രോഫി ഫൈനലില്‍ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനുള്ള കേരളത്തിന്റെ ശ്രമം പാഴായി. കേരളത്തെ 342 റണ്‍സില്‍ പുറത്താക്കി വിദര്‍ഭ 37 റണ്‍സിന്റെ നിര്‍ണായക ലീഡ് പിടിച്ചു. ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭ 379 റണ്‍സ് കണ്ടെത്തി.ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീണതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. പിന്നാലെ വിശ്വസ്ത താരം ജലജ് സക്‌സേനയും മടങ്ങിയതോടെ പ്രതീക്ഷ പൂര്‍ണമായി തീര്‍ന്നു.
18 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിനു അവസാന 4 വിക്കറ്റുകള്‍ നഷ്ടമായത്.സച്ചിന്‍ ബേബി 98 റണ്‍സില്‍ പുറത്തായി. ആദിത്യ സാര്‍വതെയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ക്രീസില്‍ നിന്നു പൊരുതിയത് കേരളത്തിനു ബലമായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്.3 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. സ്‌കോര്‍ 170ല്‍ നില്‍ക്കെയാണ് നാലാം വിക്കറ്റ് നഷ്ടമായത്. ആദിത്യ സാര്‍വതെ 79 റണ്‍സുമായി മടങ്ങി.
രണ്ടാം ദിനം മുതല്‍ മികവോടെ ബാറ്റ് വീശിയ താരം 10 ഫോറുകള്‍ സഹിതമാണ് അവിസ്മരണീയ ഇന്നിങ്സ് കളിച്ചത്. പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ മികച്ച രീതിയില്‍ ബാറ്റ് വീശുന്നതിനിടെ പുറത്തായി. താരം 21 റണ്‍സെടുത്തു. പിന്നീടു വന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ 22 റണ്‍സുമായി മടങ്ങി.പൊരുതി നിന്ന ജലജ് സക്‌സേന 28 റണ്‍സുമായി മടങ്ങി. ഏദന്‍ ആപ്പിള്‍ ടോം 10 റണ്‍സും കണ്ടെത്തി.