ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ Vs ന്യൂസിലൻഡ് ഫൈനൽ. ഇന്ന് നടന്ന രണ്ടാം സെമിയിൽ പ്രോട്ടീസിനെ കീഴടക്കി കീവിസ്. 50 റൺസിനാണ് ന്യൂസിലൻഡിന്റെ വിജയം.ഞായറാഴ്ച ദുബായിലാണ് ഫൈനൽ. സെമിയില്‍ കിവീസ് ഉയര്‍ത്തിയ 363 റണ്‍സെന്ന ചാമ്പ്യൻസ് ട്രോഫിയിലെ തന്നെ ഉയർന്ന ടീം ടോട്ടൽ എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഒരിക്കല്‍ കൂടി ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ കണ്ണീർ വീണു. മുന്‍നിര ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യനിര പൂര്‍ണമായും പരാജയപ്പെട്ടതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. 2015-ലെ ലോകകപ്പ് സെമിയിലും ദക്ഷിണാഫ്രിക്കയെ കീഴടക്കിയായിരുന്നു കിവീസിന്റെ ഫൈനല്‍ പ്രവേശനം.അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണത്തിനൊടുവില്‍ സെഞ്ചുറി തികച്ച ഡേവിഡ് മില്ലറാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍. 67 പന്തുകള്‍ നേരിട്ട മില്ലര്‍ നാല് സിക്‌സും 10 ഫോറുമടക്കം 100 റണ്‍സോടെ പുറത്താകാതെ നിന്നു.