ഷില്ലോങ്: കഴിഞ്ഞ വർഷം അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച് തിരിച്ചെത്തിയ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രി ഗോളോടെ മടങ്ങിവരവ് ഗംഭീരമാക്കിയ മാലദ്വീപിനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യക്ക് 3-0ന്‍റെ തകർപ്പൻ ജയം.ഛേത്രിയെ കൂടാതെ രാഹുൽ ഭെകെ, ലിസ്റ്റൺ കൊളാസോ എന്നിവരാണ് ഗോൾ നേടിയത്.ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ താരതമ്യേന ദുർബലരായ മാലദ്വീപിനെതിരെ മികച്ച മത്സരമാണ് ഇന്ത്യ പുറത്തെടുത്തത്.
34ാം മിനുറ്റിൽ കോർണർ കിക്കിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ഗോൾ. കോർണർ നല്ലൊരു ഹെഡറിലൂടെ രാഹുൽ ഭെകെ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ മറ്റൊരു സെറ്റ് പീസിൽ നിന്ന് ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 66ാം മിനുറ്റിൽ മഹേഷ് എടുത്ത കിക്ക് ലിസ്റ്റൺ കൊളാസോ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്.തുടക്കത്തിൽ ലക്ഷ്യം കണ്ടെത്താനാകാതിരുന്ന ഛേത്രിയുടേതായിരുന്നു അടുത്ത ഊഴം. 76ാം മിനിറ്റിലായിരുന്നു ഹെഡ്ഡറിലൂടെ ഛേത്രിയുടെ ഗോൾ. ഛേത്രിയുടെ 95ാം അന്താരാഷ്ട്ര ഗോൾ കൂടിയായി ഇത്.മാർച്ച് 25ന് ഇതേ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരം നടക്കുന്നുണ്ട്. അതിനുള്ള തയാറെടുപ്പ് കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം.