കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) 18ാം സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 8 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി. കൊൽക്കത്തയ്ക്ക് വേണ്ടി നായകൻ അജിങ്ക്യ രഹാനെ അർധ സെഞ്ച്വറി സ്വന്തമാക്കി. 31 പന്തുകളിൽ 6 ബൌണ്ടറികളും 4 സിക്സറുകളും സഹിതം അജിങ്ക്യ രഹാനെ 54 റൺസ് നേടിയാണ് പുറത്തായത്.
സ്പിന്നർമാരെ ഇറക്കി ആർസിബി മത്സരത്തിലേയ്ക്ക് പെട്ടെന്ന് തന്നെ തിരിച്ചുവന്നു. വെങ്കടേഷ് അയ്യർ (6), റിങ്കു സിംഗ് (12), ആന്ദ്രെ റസൽ (4) എന്നിവർക്ക് പിടിച്ചുനിൽക്കാനാകാതെ വന്നതോടെ കൂറ്റൻ സ്കോർ ലക്ഷ്യം കണ്ട കൊൽക്കത്ത വിയർത്തു. അംഗ്രിഷ് രഘുവംശി (30) അവസാന ഓവറുകളിൽ പിടിച്ചുനിന്നതോടെയാണ് കൊൽക്കത്തയുടെ സ്കോർ 170 കടന്നത്. ആർസിബിയ്ക്ക് വേണ്ടി ക്രുനാൽ പാണ്ഡ്യ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് രണ്ടും റാഷിക് സലാം, സുയാഷ് ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. തുടക്കത്തില്‍ ക്വിന്റണ്‍ ഡികോക്കിനെ ഹേസല്‍ വുഡ് മടക്കിയെങ്കിലും രഹാനെ തകര്‍പ്പന്‍ അടി തുടങ്ങിയതോടെ നരെയ്‌നും അടി തുടങ്ങി. ഡി കോക്ക് അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത് പുറത്തായി. 25 പന്തില്‍ നാല് സിക്സറും ആറ് ഫോറും ഉള്‍പ്പെടുന്നതാണ് രഹാനെയുടെ ഫിഫ്റ്റി.ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
നിലവിലെ ചാംപ്യന്‍മാര്‍ എന്ന പകിട്ടോടെയാണ് കൊല്‍ക്കത്ത സ്വന്തം നാട്ടില്‍ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ 18ാം സീസണിലെങ്കിലും മോഹക്കപ്പ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ബെംഗളൂരുവിന്റെ വരവ്. ബോളിവുഡ് താരം ഷാറുഖ് ഖാന്‍, ദിഷ പഠാനി, ഗായകരായ ശ്രേയ ഘോഷാല്‍, കരണ്‍ ഓജ്‌ല തുടങ്ങിയവര്‍ താരപ്പകിട്ടേറ്റിയ ഉദ്ഘാടനച്ചടങ്ങിനു പിന്നാലെയാണ് മത്സരം ആരംഭിച്ചത്.