ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആവേശജയം. 14 റണ്‍സിനാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. 193 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് അവസാന ഓവറില്‍ 178ന് പുറത്താവുകയായിരുന്നു. ഇതോടെ സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ
ആദ്യം ബാറ്റിങിനിറങ്ങിയ മുംബൈ അര്‍ധസെഞ്ചറി നേടിയ കാമറൂണ്‍ ഗ്രീനിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ കാമറൂണ്‍ ഗ്രീന്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫും റിലെ മെറെഡിത്തും പീയുഷ് ചൗളയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കാമറൂണ്‍ ഗ്രീനും അര്‍ജുന്‍ തെണ്ടുല്‍ക്കറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് സമ്മാനിച്ചത് ആദ്യ വിക്കറ്റില്‍ ഇരുവരും 4.4 ഓവറില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 18 പന്തില്‍ 28 റണ്‍സെടുത്ത രോഹിത് ശര്‍മയെ നടരാജന്‍ പുറത്താക്കി. പിന്നാലെ വന്ന കാമറൂണ്‍ ഗ്രീന്‍ അടിച്ചുതകര്‍ത്തതോടെ മുംബൈ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു.
അതേസമയം ഒരുഘട്ടത്തില്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അവസാന ഓവറുകളില്‍ മുംബൈ വീഴ്ത്തി. 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ ഹാരി ബ്രൂക്കിനെ നഷ്ടമായതും വെല്ലുവിളിയായി. ഒന്‍പത് റണ്‍സെടുത്ത താരത്തെ ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് പുറത്താക്കി. പിന്നാലെ വന്ന രാഹുല്‍ ത്രിപാഠി വെറും ഏഴ് റണ്‍സെടുത്ത് മടങ്ങിയതോടെ സണ്‍റൈസേഴ്സിന്റെ മുട്ടു വിറച്ചു.
അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ചെയ്ത അവസാന ഓവറില്‍ സണ്‍റൈസേഴ്സിന്റെ വിജയലക്ഷ്യം 20 റണ്‍സായിരുന്നു. ആ ഓവറിലെ രണ്ടാം പന്തില്‍ സണ്‍റൈസേഴ്സിന്റെ അവസാന പ്രതീക്ഷയായിരുന്ന സമദും പുറത്തായി. 12 പന്തില്‍ 9 റണ്‍സാണ് താരത്തിന്റെ ആകെ സമ്പാദ്യം. ഇതോടെ മുംബൈ വിജയമുറപ്പിച്ചു. ഈ സീസണില്‍ മുംബൈ നേടുന്ന മൂന്നാം വിജയമാണിത്. മറുവശത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മൂന്നാം തോല്‍വിയും.