ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. സ്വന്തം തട്ടകത്തില്‍ റോയല്‍സിനെതിരായ ആദ്യപാദ മത്സരത്തിലെ പരാജയത്തിന് കണക്കുതീര്‍ക്കുകയാവും ചെന്നൈ ലക്ഷ്യമിടുക. ഡെവോണ്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, അജിന്‍ക്യ രഹാനെ എന്നിവര്‍ ഉള്‍പ്പെടുന്ന ബാറ്റിംഗ് നിര ശക്തം. ധോണിയുടെ ഫിനിഷിംഗ് കൂടിയാവുമ്പോള്‍ ചെന്നൈക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ബൗളിംഗില്‍ സ്ഥിരത പുലര്‍ത്താനാവാത്തത് വെല്ലുവിളിയാണ്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തിയത് ടീമിന് ആത്മവിശ്വാസമേകും. മറുവശത്ത് അവസാന രണ്ട് മത്സരങ്ങളും പരാജയപ്പെട്ട റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യമിടുന്നത്. ആദ്യപാദ മത്സരത്തിലെ മൂന്ന് റണ്‍സിന്റെ ജയം ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ബാറ്റര്‍മാരും ബൗളര്‍മാരും ഫോമിലുള്ളത് പ്രതീക്ഷ നല്‍കുന്നു. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റോയല്‍സ്. വൈകിട്ട് 7.30ന് ജയ്പൂരിലാണ് മത്സരം.