ഐപിഎല്ലില്‍ നാളെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ചെന്നൈയിലെ ചിദംബര സ്റ്റേഡിയത്തിലാണ് മത്സരം.
അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ സ്വന്തം തട്ടകത്തിലിറങ്ങുന്നത്. ഡെവോണ്‍ കോണ്‍വെയുടെ ഫോമിലുള്ളതാണ് ചെന്നൈയുടെ കരുത്ത്.
ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, അമ്പാട്ടി റായ്ഡു, അജിന്‍ക്യ രഹാനെ എന്നിവരിലാണ് ടീമിന്റെ ബാറ്റിംഗ് പ്രതീക്ഷ. ഓള്‍റൗണ്ടര്‍മാര്‍ ജഡേജയും മൊയീന്‍ അലിയും മികവ് തുടരുന്നതും ആത്മവിശ്വാസമേകുന്നു. ബൗൡഗിലെ പ്രതിസന്ധി മറികടന്നാല്‍ പിന്നെ ആശങ്കക്ക് വകയില്ല. അവസാന മത്സരത്തില്‍ യുവ ബൗളര്‍മാര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തത് സംഘത്തിന് ആശ്വാസമാണ്. മറുവശത്ത് തുടര്‍ പരാജയങ്ങള്‍ക്കു ശേഷം കരുത്തരായി തിരിച്ചെത്തിയെങ്കിലും അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വരവ്. ഹാരി ബ്രൂക്കിന്റെ ഓപ്പണിങില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ.
മുന്‍നിര ബാറ്റര്‍മാര്‍ ക്രീസില്‍ താളം കണ്ടെത്തിയാല്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാവും. ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയുടെ സ്ഥിരതയില്ലായ്മ പ്രതിസന്ധിയാണ്. രണ്ട് ജയവുമായി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ടീം. നേര്‍ക്കുനേര്‍ കണക്കുകളില്‍ ഏറെ മുന്നിലാണ് ചെന്നൈ. 18 മത്സരങ്ങളില്‍ 13 എണ്ണം ചെന്നൈ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്