Share this Article
image
'ഗുണ്ടയെ ഉപയോഗിച്ച് ഭീഷണി'; സഹോദരിമാരായ പൊലീസുകാർക്കെതിരെ കേസെടുത്തു
വെബ് ടീം
posted on 09-08-2024
1 min read
case-against-police-officers-who-are-sisters-in-financial-fraud-and-threaten-case

തിരുവനന്തപുരം: ഗുണ്ടകളെ പിടികൂടി സാമൂഹ്യജീവിതത്തിന്റെ സ്വാസ്ഥ്യം ഉറപ്പു വരുത്തുകയെന്നത് പൊലീസിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന് തന്നെയാണ്. അതിനായി ഗുണ്ടാ ആക്ട് വരെ നിലവിലുണ്ട്. പക്ഷേ ഗുണ്ടകളെ തങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചുരുക്കം പൊലീസുകാരെ കുറിച്ച് വളരെ കുറച്ചാണെങ്കിലും റിപ്പോർട്ടുകൾ വരാറുണ്ട്. കൂടുതലും അതങ്ങ് ഉത്തരേന്ത്യയിലാണ്.

എന്നാലിപ്പോൾ അമ്പരപ്പുണ്ടാകുന്ന ഇതുപോലൊരു  കൂട്ടുകെട്ട് സംബന്ധിച്ച ഒരു പരാതി മുഖ്യമന്ത്രിയ്ക്കാണ് ചെന്നത്. പരാതി കിട്ടിയ പാടെ നടപടിയും ആയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പിനാണ് സഹോദരിമാരായ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. 

കാട്ടായിക്കോണം സ്വദേശിനി ആതിരയാണ് പരാതി നൽകിയത്. സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി. വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭർത്താവിൽ നിന്ന് 19 ലക്ഷം സംഗീത കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും സഹോദരീ ഭർത്താവ് ജിപ്സൺരാജുമായിരുന്നു. 

പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയ ചെക്കുകൾ ബാങ്കിൽ കൊടുത്തെങ്കിലും പണം ലഭിക്കാതെ മടങ്ങി. അതിനിടെയാണ് ഗുണ്ടുകാട് സാബു എന്നയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്‍റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. 

പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്‌പിക്കും ഉൾപ്പെടെ പരാതി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഒടുവിൽ കേസെടുക്കാൻ പൊലീസ് തയ്യാറായത്. ആദ്യം മലയിൻകീഴ് ‌സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസം പോത്തൻകോട് സ്‌റ്റേഷനു കൈമാറുകയായിരുന്നു. തുടർന്നാണ് പോത്തൻകോട്പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഗുണ്ടുകാട് സാബു, പേയാട് സ്വദേശിയായ വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, സഹോദരി തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories