പന്തീരാംകാവിൽ നവവധുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി രാഹുൽ രാജ്യം വിട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് രാഹുൽ വിദേശത്തേക്ക് കടന്നത്. രാഹുലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു .
പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും മുമ്പ് തന്നെ രാഹുൽ രാജ്യം വിട്ടിരുന്നു എന്നാണ് സൂചനകൾ. ബംഗളൂരുവിൽ എത്തിയ രാഹുൽ അവിടെനിന്നും സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിദേശത്തേക്ക് വിമാനം കയറിയത്.
സിംഗപ്പൂർ വഴി പോയെന്നാണ് പൊലീസിന് ലഭിച്ച സൂചന. വിദേശത്തേക്ക് കടന്നെങ്കിലും രാഹുലിനെ പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അതിനിടെ രാഹുലിന്റെ പന്നിയൂർക്കുളത്തെ വീട്ടിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഡി.വി.ആറും പിടിച്ചെടുത്തു. സംഭവ ദിവസത്തെ ദൃശ്യങ്ങൾക്ക് പുറമേ കല്യാണത്തിനു ശേഷമുള്ള ദിവസങ്ങളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.