മലപ്പുറം ചങ്ങരംകുളത്ത് വിവാഹ സല്‍കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. ചങ്ങരംകുളം പെരുമ്പടപ്പില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ സല്‍ക്കാരത്തിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെടുകയായിരുന്നു.
നൂറ്റമ്പതോളം ആളുകള്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തതായാണ് വിവരം. സല്‍ക്കാരത്തില്‍ വിളമ്പിയ മന്തിക്കൊപ്പം നല്‍കിയ മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. ശാരീരിക അസ്വസ്ഥത നേരിട്ട അറുപതോളം പേര്‍ പുത്തന്‍പള്ളി, പൊന്നാനി എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടി. പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മാത്രം 40 ഓളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.