കാസർകോട്: ഇന്നലെ ഓട്ടോറിക്ഷയും സ്കൂൾ ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ച ചെർക്കള–കല്ലടുക്ക സംസ്ഥാനാനന്തര പാതയിൽ മറ്റൊരു അപകടത്തിൽ വീണ്ടും മരണം. കേരള– കർണാടക അതിര്‍ത്തിയായ അഡ്ക്കസ്ഥലത്ത് കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ് വാന്‍ ഡ്രൈവര്‍ എന്‍മകജെ മണിയംപാറയിലെ മുസ്തഫ (42) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിറകില്‍ ബസിടിച്ച് പിക്കപ്പിനടിയിലായാണ് ഡ്രൈവര്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്കും പരുക്കുണ്ട്. കര്‍ണാടക വിട്ളയിയില്‍ നിന്നും പെര്‍ള ഭാഗത്തേക്ക് വന്ന ബസാണ് ഇടിച്ചത്. മൃതദേഹം വിട്ള ആശുപത്രിയിലാണുള്ളത്.
ചെർക്കള–കല്ലടുക്ക റോഡിലെ 19 കിലോമീറ്റർ കാസർകോട് നിയോജക മണ്ഡലത്തിലും 10 കിലോമീറ്റർ മഞ്ചേശ്വരം മണ്ഡലത്തിലുമാണ്. കാസർകോട് മണ്ഡലത്തിലെ പള്ളത്തടുക്കയിലാണ് ഇന്നലെ അപകടം നടന്നത്. ഇന്നു നടന്ന അപകടം മഞ്ചേശ്വരം മണ്ഡലത്തിലാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ റോഡ് വികസനം പൂർത്തിയായതാണ്. കാസർകോട് മണ്ഡലത്തിലേതു പാതിവഴിയിലാണ്. ഇതുകാരണം ഇവിടെ അപകടം പതിവാണ്.
പള്ളത്തടുക്കയ്ക്കു സമീപം ‘എസ്’ ആകൃതിയിലുള്ളതും കയറ്റവും ഇറക്കവുമുള്ളതുമായ വളവിൽ ഓട്ടോറിക്ഷയും സ്കൂൾ ബസും കൂട്ടിയിടിച്ച് സഹോദരിമാർ ഉൾപ്പെടെ ഒരു കുടുംബത്തിലെ 4 സ്ത്രീകൾ അടക്കം 5 പേരാണ് ഇന്നലെ മരിച്ചത്. പൈക്ക നെക്രാജെയിലെ ബന്ധുവിന്റെ മരണണ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മാന്യയിലെ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ബസാണ് ഓട്ടോയെ ഇടിച്ചത്. കുൺട്ടിക്കാനം സ്വദേശി ജോൺ ഡിസൂസ(ജെറി–56) നെതിരെ പൊലീസ് കേസെടുത്തു.