മതപഠന യാത്രയുടെ പേരിൽ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്കന് 8 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ..തൃശ്ശൂര്‍ കുർക്കഞ്ചേരി സ്വദേശി കന്ന്യകോണിൽ വീട്ടിൽ 58 വയസ്സ് സജി തോമസിനെയാണ് തൃശ്ശൂർ ഒന്നാം നമ്പർ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജ് കെ.എം. രതീഷ് കുമാർ ശിക്ഷിച്ചത്.
2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം "യഹോവ സാക്ഷികൾ' എന്ന ക്രിസ്തുമതവിശ്വാസികളുടെ പ്രചാരകൻ എന്ന പേരിൽ 16 കാരിയായ കുഞ്ഞിന്റെ അച്ഛനുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് 10 ക്ലാസ്സിൽ മുഴുവൻ എ-പ്ലസ് കിട്ടിയപ്പോൾ സമ്മാനം നല്കാനെന്ന പേരിൽ കുട്ടിയെ തൃശ്ശൂർ പുള്ള് പാടത്തേക്ക് കൊണ്ടുപോയിരുന്നു. കൂടാതെ, കുഞ്ഞിനെ ബൈബിൾ ക്ലാസ്സിനെന്ന പേരിൽ ഓട്ടോറിക്ഷയിൽ കണ്ടശ്ശാംകടവിലുളള ഒരു സുഹൃത്തിന്റെ്റെ വീട്ടിലും കൊണ്ടുപോയിരുന്നു. ഈ സമയങ്ങളിലാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്. ആദ്യ സംഭവം നാണക്കേടും, പേടിയും മൂലം വീട്ടിൽ പറയാതിരുന്ന കുട്ടി രണ്ടാമത്തെ സംഭവം ഉണ്ടായപ്പോൾ തന്റെ പിതാവിനെ അറിയിക്കുകയായിരുന്നു. അന്തിക്കാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 16 സാക്ഷികളേയും, 18 തെളിവുകളെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഹൈക്കോടതിയിൽ നിന്നും മുൻകൂര്‍ ജാമ്യം നേടി കോടതിയിൽ ഹാജരായിരുന്ന പ്രതി, ശിക്ഷ വിധി കേട്ട് തളർന്ന് വീണ് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ വിശ്വസിച്ച് സ്വന്തം പിതാവിനെ പോലെ കണക്കാക്കിയ കുട്ടിയെ ഉപദ്രവിച്ച പ്രതി യാതൊരു പരിഗണന അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.പി. അജയ് കുമാർ, അഡ്വ. ലിജി മധു എന്നിവർ ഹാജരായി.