യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് കൂടുതൽ സർവ്വീസ് നടത്താനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. ദിവസവും 12 ട്രിപ്പുകൾ അധികമായി നടത്താനാണ് തീരുമാനം.
ഒരു കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തേഴായിരത്തി അഞ്ഞൂറ്റി അറുത്തെട്ട് യാത്രക്കാരാണ് ഈ വർഷം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാർ മെട്രോയെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ സർവ്വീസ് നടത്താനുള്ള തീരുമാനം. ഉപഭോക്താക്കൾക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
ഇതിനായിജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ചേർക്കും. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനുമാണ് ഈ നടപടി.
നിലവിൽ, രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഇടവേള 7 മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ഷെഡ്യൂൾ വരുന്നതോടെ ഇത് 7 മിനിറ്റായി ചുരുങ്ങും.