കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് തൃശ്ശൂർ പുത്തൂർ പഞ്ചായത്ത്. മലയോര ഗ്രാമമായ പുത്തൂർ പഞ്ചായത്തിലെ 23 വാർഡുകളിലും അനുഭവപ്പെടുന്നത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടതോടെ ജനജീവിതം താളം തെറ്റിയ അവസ്ഥയിലാണ്..
ധാരാളം വെള്ളം ഉണ്ടായിരുന്ന പഞ്ചായത്തിലെ പുത്തൂർ പുഴയും വെള്ളം വറ്റിയ സ്ഥിതിയാണ്. ഇതോടെ പുഴയെ ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും നിലച്ച മട്ടാണ്. പുഴയിൽ ഇപ്പോഴുള്ള വെള്ളത്തിൽ നിറയെ മാലിന്യങ്ങൾ അടിഞ്ഞു കിടക്കുന്നതിനാൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടതോടെ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓരോ വാർഡിലേക്കും വാഹനത്തിൽ വെള്ളം എത്തിക്കുന്നുണ്ട്. എന്നാൽ ലക്ഷങ്ങൾ മുടക്കി ഇങ്ങനെ എത്തിക്കുന്ന വെള്ളം ഉൾപ്രദേശങ്ങളിൽ ഉള്ളവർക്ക് വഴി സൗകര്യം ഇല്ലാത്തതിനാൽ ലഭിക്കുന്നുമില്ല.
ഇത് വരെ 12 ലക്ഷത്തോളം രൂപയാണ് ഇത്തവണ പഞ്ചായത്ത് കുടിവെള്ള വിതരണത്തിനായി ചിലവഴിച്ചത്. ഇനിയും കൂടുതൽ തുക ചിലവഴിച്ചാൽ മാത്രമെ കുടിവെള്ള വിതരണം നടത്താൻ കഴിയു. ഇതിനായി പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് പഞ്ചായത്ത് അധികൃതർ.
കൂലിപണിക്ക് പോയി കിട്ടുന്ന തുകയിൽ നിന്നും 600 മുതൽ 750 രൂപ വരെ മുടക്കിയാണ് പലരും ഇപ്പോൾ കുടിവെള്ളം വാങ്ങുന്നത്. ഇത് സാധാരണക്കാരുടെ നിത്യചിലവിൻ്റെ താളം തെറ്റിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇതിൻ്റെ ചിലവിനാവശ്യമായ പണം ലഭിക്കാൻ ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർക്ക് കത്ത് നൽകിയതായും പ്രസിഡണ്ട് വ്യക്തമാക്കി. വരും ദിവസങ്ങളിലും ചൂട് തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമാകാനാണ് സാധ്യത.