Share this Article
image
പുതിയ എസി വാങ്ങി 4 ദിവസത്തിനുള്ളിൽ കേടായി; ശരിയാക്കി തന്നില്ല; പുതിയതും നൽകിയില്ല,നഷ്ടപരിഹാരത്തിന് ഉത്തരവ്
വെബ് ടീം
7 hours 27 Minutes Ago
1 min read
AC Complaint

കൊച്ചി: പുതിയ എസി വാങ്ങി 4 ദിവസത്തിനുള്ളിൽ കേടാവുകയും നന്നാക്കി തരുകയോ  പുതിയത് നൽകാതിരിക്കുകയും ചെയ്ത കമ്പനിയും വ്യാപാര സ്ഥാപനവും നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.  മൂന്ന് വയസുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായാണ്  എസി വാങ്ങിയ പിതാവിനാണ്  വിൽപ്പനാനന്തര സേവനം നിഷേധിച്ച കമ്പനിയും വ്യാപാര സ്ഥാപനവും നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. എസിയുടെ വിലയായ 34,500 രൂപ, 30,000 രൂപ നഷ്ടപരിഹാരം, പതിനായിരം രൂപ കോടതി ചെലവ് ഉൾപ്പെടെ 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആർ അജിത് കുമാർ, എൽ ജി ഇലക്ട്രോണിക്സ്, ബിസ്മി ഹോം അപ്ലൈൻസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പരാതി സമർപ്പിച്ചത്. നേവൽ ബേസ് ജീവനക്കാരനായ പരാതിക്കാരൻ ഒന്നര ടണ്ണിന്‍റെ ഇൻവർട്ടർ എസി 34,500 രൂപയ്ക്കാണ് ഡീലറിൽ നിന്ന് വാങ്ങിയത്. മൂന്ന് വയസുള്ള മകൾക്ക് ആരോഗ്യ പ്രശ്നങ്ങള്‍  ഉള്ളതിനാൽ തണുപ്പ് നിലനിർത്തുന്നതിനും ഉഷ്ണ കാലത്തെ അതിജീവിക്കുന്നതിനുവേണ്ടിയാണ് എസി വാങ്ങിയത്. 

നാല് ദിവസം കഴിഞ്ഞപ്പോഴേക്കും അത് പ്രവർത്തനരഹിതമായി. എസിയുടെ ഇലക്ട്രിക് പാനൽ ബോർഡ് ആണ് തകരാറിലായത്. എന്നാൽ അത് വിപണിയിൽ ലഭ്യമല്ലാത്തതിനാൽ റിപ്പയർ ചെയ്യാൻ കഴിഞ്ഞില്ല. മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മകളുടെ ആരോഗ്യാവസ്ഥ പരിഗണിച്ച് സഹോദരന്‍റെ വീട്ടിലേക്ക് താമസവും മാറ്റേണ്ടി വന്നു. പരാതിയുമായി നിരവധി തവണ എതിർകക്ഷിയെ സമീപിച്ചിട്ടും യാതൊരു തുടർ നടപടികളും ഉണ്ടായില്ല.  ഈ സാഹചര്യത്തിലാണ് എസിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്.

പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം പുതിയ എസി നൽകുന്നതിന് കമ്പനിയുടെ മുൻകൂർ അനുവാദം വേണമെന്ന് എതിർകക്ഷി ബോധിപ്പിച്ചു. അനുവാദം ലഭിച്ചപ്പോഴേക്കും പണം തിരിച്ചും നൽകണമെന്ന ആവശ്യമായി പരാതിക്കാരൻ മുന്നോട്ട് വന്നു. എസിക്ക് നിർമ്മാണപരമായ ന്യൂനതയില്ല. തകരാറിലായ ഭാഗം മാറ്റി നൽകാൻ തയ്യാറാണെന്നും എതിർകക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

മൂന്നു വയസുള്ള മകളുടെ രോഗാവസ്ഥയെ അതിജീവിക്കാനാണ് ഉഷ്ണകാലത്ത് എസി വാങ്ങിയത്. വാങ്ങിയ ഉടൻ തന്നെ എസി തകരാറിലാവുകയും ചെയ്തു. ഫലപ്രദമായ വിൽപ്പനാനന്തര സേവനം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. അത് നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടുവെന്ന് കമ്മിഷൻ ഉത്തരവിൽ വിലയിരുത്തി. 

പാനൽ ബോർഡ് വിപണിയിൽ ലഭ്യമല്ല എന്നത് ഉപകരണം റിപ്പയർ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനം കൂടിയാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ , ടി. ൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. ഈ സാഹചര്യത്തിൽ  എസിയുടെ വിലയായ 34,500 രൂപയും മുപ്പതിനായിരം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകണമെന്ന് എതിർകക്ഷികൾക്ക്  ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വ. ജിജി നിഖിൽ ഹാജരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories