ഭൂമാഫിയ ഇടിച്ചുനിരപ്പാക്കിയ മേടമ്പറ്റക്കുന്നിൽ നിന്നും മണ്ണും ചെളിയും ഒലിച്ചിറങ്ങി വീട്ടുകാർ ദുരിതത്തിലായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കേരള വിഷൻ ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർക്ക് നിർദ്ദേശവും നൽകി.
കേരള വിഷൻ ന്യൂസ് സംപ്രേഷണം ചെയ്ത ഈ വാർത്തയെ തുടർന്നാണ് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ഭൂമാഫിയയുടെ കൈകടത്തൽ കാരണം മുക്കം മേടമ്പറ്റക്കുന്നിടിഞ്ഞ് തൊട്ടുതാഴെയുള്ള വീടുകളിലേക്ക് മണ്ണും ചെളിയും ഒലിച്ചിറങ്ങി കെട്ടിക്കികെട്ടിക്കിടന്നിരുന്നു.
അതിനാൽ കുന്നിൻ ചെരുവിൽ താമസിക്കുന്ന 75 കാരി ലീലാമണിക്കും മകൻ ദിലീപിനും വീടുവിട്ടു മാറി താമസിക്കേണ്ടിയും വന്നിരുന്നു. കൂടാതെ ചെളിവെള്ളം റോഡിൽ വന്ന് അടിഞ്ഞിരിക്കുകയാണ്. ഇക്കാര്യങ്ങളാണ് ഇന്നലെ കേരള വിഷൻ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നത്.
ഈ വാർത്തയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ കളക്ടറോട് നിർദ്ദേശിക്കുകയും ചെയ്തു. ജൂൺ 26ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ.ബൈജൂനാഥ് ഉത്തരവിൽ വ്യക്തമാക്കി.
2022 ൽ ഭൂമാഫിയ സ്ഥലം വാങ്ങി കുന്നിടിക്കൽ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാരായ 106 മാസ് പെറ്റീഷൻ ജില്ലാ കളക്ടർക്കും ആർഡിക്കും നൽകിയിരുന്നു. എന്നിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിരുന്നില്ല. മനുഷ്യാവകാശ കമ്മീഷൻ നടപടിയോടെ കുന്നിടിച്ചിൽ ഇനി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് സമീപവാസികൾ.