Share this Article
ശ്രേഷ്ഠ ഇടയന് വിട, ഔദ്യോ​ഗിക ബഹുമതികളോടെ കബറടക്കം; ജോസഫ് മാര്‍ ഗ്രിഗോറിയോസ് പിന്‍ഗാമിയാകണം; സമ്പാദ്യമെല്ലാം വിശ്വാസികള്‍ക്കായെന്ന് വില്‍പത്രം
വെബ് ടീം
posted on 02-11-2024
1 min read
bava

കൊച്ചി/പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ പതിനായിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കബറടക്കി. മൂടിക്കെട്ടിയ അന്തരീക്ഷവും വിട്ടുവിട്ട് ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നിട്ടും അണമുറിയാത്ത വിശ്വാസികളുടെ ഒഴുക്കായിരുന്നു പുത്തന്കുരിശിലേക്ക്. മൂന്ന് മണിയോടെയാണ് കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചത്.  ഔദ്യോ​ഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്.സംസ്കാരശുശ്രൂഷ ചടങ്ങുകളുടെ ഭാഗമായി പള്ളിക്ക് ചുറ്റും വിലാപ യാത്ര നടത്തി.യാക്കോബായ സഭ ആ​ഗോളതലവൻ ഇ​ഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കൻ ആർച്ച് ബിഷപ്പ് ദിവാന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ഇം​ഗ്ലണ്ടിലെ ആർച്ച് ബിഷപ്പ് അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത എന്നിവർ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുത്തു.

ശ്രേഷ്ഠ ഇടയന്റെ വിൽപത്രം വായിച്ചു. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ പിൻഗാമിയാക്കണമെന്നാണ് ആ​ഗ്രഹമെന്നാണ് വില്‍പത്രത്തിലുള്ളത്. താൻ ധരിച്ച സ്വർണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികൾ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാൻ ഉപയോഗിക്കണമെന്ന് വിൽപത്രത്തിൽ പറയുന്നുണ്ട്. സഭ ഒറ്റയ്ക്ക് തന്നെ മുന്നോട്ടു നീങ്ങണം. അന്തോഖ്യ സിംഹാസനത്തിന് കീഴിൽ സഭ ഉറച്ചു നിൽക്കണമെന്നും വിൽപ്പത്രത്തിൽ പറയുന്നു.

തൻ്റെ സ്വത്തുക്കളെല്ലാം സഭയ്ക്ക് നൽകണം. അങ്കമാലി ഭദ്രാസനം അഞ്ച് സ്വതന്ത്ര ഭദ്രാസനങ്ങളാക്കണം. ഇക്കാര്യം സഭാസമിതികൾ തീരുമാനിക്കണം. സന്യാസിനി സമൂഹത്തെ കരുതലോടെ കാണണം. തൻ്റെ സ്വർണം, കാറ് എന്നിവ വിറ്റ പണം പള്ളികൾ നഷ്ടപ്പെട്ടവർക്ക് നൽകണമെന്നും വിൽപത്രത്തിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ,നടന്‍ മമ്മൂട്ടി എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിച്ചു. സഭാ തർക്കം പരിഹരിക്കുന്നതിനായി സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ശ്രേഷ്ഠ ബസേലിയോസ് ബാവ തോമസ് പ്രഥമന് നൽകിയ വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മനുഷ്യൻ തന്റെ ജീവിത കാലത്ത് ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും ഓർമ്മിക്കപ്പെടുക എന്നുപറയുന്നത് അത്യപൂർവ്വം ആളുകൾക്ക് മാത്രം കഴിയുന്നതാണെന്നും ശ്രേഷ്ഠ ബാവയുടെ ജീവിതം അത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോതമംഗലത്ത് ചെറിയപള്ളി, മര്‍ത്തമറിയം വലിയപള്ളി എന്നിവിടങ്ങളില്‍ ഇന്നലെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.

ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള,, മന്ത്രി സജി ചെറിയാന്‍,  സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ,എം.പിമാരായ ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍,എം.എല്‍.എമാരായ ആന്റണി ജോണ്‍, മോന്‍സ് ജോസഫ്, പി.വി. ശ്രീനിജിന്‍, എല്‍ദോസ് കുന്നപ്പിള്ളി, ചാണ്ടി ഉമ്മന്‍, മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തുടങ്ങിയവര്‍ കോതമംഗലത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ചു.വൈകിട്ട് നാലോടെ പ്രത്യേക ബസില്‍ ആരംഭിച്ച വിലാപയാത്ര മൂവാറ്റുപുഴ വഴി രാത്രി വൈകിയാണ് പുത്തന്‍കുരിശില്‍ എത്തിയത്. വഴിനീളെ നൂറുകണക്കിന് വിശ്വാസികള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കാത്തു നിന്നിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories