Share this Article
തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസ്; കോടതി വിധി ഇന്ന്
Thenkurussi honor killing case

നാടിനെ നടുക്കിയ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷാവിധി പുറപ്പെടുവിക്കും. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തിലാണ്  പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുക.

2020 ഡിസംബര്‍ 25 നായിരുന്നു നാടിനെ നടുങ്ങിയ കൊലപാതകം നടന്നത്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിലായിരുന്നു അച്ഛനും അമ്മാവനും ചേര്‍ന്ന് മകളുടെ ഭര്‍ത്താവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

തേങ്കുറുശ്ശി ഇലമന്ദം സ്വദേശിയായ അനീഷാണ്  വിവാഹം കഴിഞ്ഞതിന്റെ 88-ാം ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കേസില്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും ഹരിതയുടെ അമ്മാവനുമായ ചെറുതുപ്പല്ലൂര്‍ സുരേഷ്, രണ്ടാംപ്രതിയും ഹരിതയുടെ അച്ഛനുമായ ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരുടെ ശിക്ഷയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിക്കുക.

അനീഷും ഹരിതയും പഠനകാലം മുതല്‍ തന്നെ ഇഷ്ടത്തിലായിരുന്നു. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും രണ്ട് സമുദായമായതിനാല്‍ ഹരിതയുടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. കോയമ്പത്തൂരില്‍ നിന്നും ഹരിതക്ക് വിവാഹാലോചന വന്നതിന്റെ അടുത്ത ദിവസമാണ് വീട്ടുകാരറിയാതെ ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. പിന്നാലെ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കണമെന്നാണ് തീരുമാനമെന്ന് ഹരിത അറിയിച്ചു.

സ്റ്റേഷനില്‍നിന്നു മടങ്ങുമ്പോള്‍ 90 ദിവസത്തിനകം അനീഷിനെ കൊല്ലുമെന്ന് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ഭീഷണി മുഴക്കിയിരുന്നു. വിവാഹം കഴിഞ്ഞ് 88 ാം നാള്‍ വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. 

കേസില്‍ ഹരിത ഉള്‍പ്പെടെ 51 സാക്ഷികളെ വിസ്തരിച്ചു. തന്റെ ഭര്‍ത്താവിനെ കൊന്ന അച്ഛന്റെ വീട്ടിലക്കു മടങ്ങില്ലെന്നു തീരുമാനിച്ച ഹരിത പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിരവധി സ്വാധീനശ്രമങ്ങളും ഭീഷണികളും മറികടന്ന് നിയമപോരാട്ടം തുടര്‍ന്നു. അതിന്റെ പര്യവസാനമാണ് പ്രതികള്‍ കുറ്റക്കാരാണെന്നുള്ള കോടതിയുടെ കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories