തിരുവനന്തപുരം വെള്ളറടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററായ ഷാജിയാണ് മരിച്ചത്. വെള്ളറട പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലെ ലോക്കല്‍ ഫണ്ട് ഓഡിറ്ററായ ഷാജിയെയാണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജി പെണ്‍സുഹൃത്തിന് പലതവണ ബാങ്കുകളില്‍ നിന്നുള്ള ചിട്ടികള്‍ക്ക് ജാമ്യം നിന്നിരുന്നതായാണ് വിവരം.
സുഹൃത്ത് ഈ തുകയൊന്നും തിരിച്ചടയ്ക്കാതായതോടെ പല ബാങ്കുകളില്‍ നിന്നായി ഷാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ആയിരിക്കാം ഇതേ സുഹൃത്തിന്റെ വീട്ടില്‍ തന്നെ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ നിഗമനം.
തിങ്കളാഴ്ച രാവിലെ അധ്യാപികയായ ഭാര്യയെ സ്‌കൂളില്‍ കൊണ്ടുവിട്ടതിന് ശേഷമാണ് ഷാജിയെ കാണാതാകുന്നത്. വൈകീട്ട് ഭാര്യ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയില്‍ ഷാജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ വെള്ളറട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.