Share this Article
സ്ത്രീയെ ആക്രമിച്ച് മാല കവർന്ന ഓട്ടോഡ്രൈവര്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍, ആദ്യമൊന്നു കുഴങ്ങിയ പൊലീസ് ശാസ്ത്രീയ തെളിവുകളോടെ പൊക്കി
വെബ് ടീം
posted on 09-07-2024
1 min read
auto-driver-robbed-elderly-woman-and-arrested

കോഴിക്കോട് നഗരത്തില്‍  യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പിടിയിലായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍. അന്വേഷണത്തില്‍ ഇയാളാണെന്ന് പ്രതിയെന്ന് ആദ്യം പൊലീസ് കണ്ടെത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ കുറ്റം നിഷേധിക്കുകയായിരുന്നു. പോരാത്തതിന്  ജീവകാരുണ്യ പ്രവര്‍ത്തകനായത് കൊണ്ട് കുറ്റം നിഷേധിച്ചതോടെ പൊലീസ് കുഴങ്ങി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍വീണ്ടും ചോദ്യംചെയ്തതോടെയാണ്  കുറ്റംസമ്മതിച്ചത്.

വയനാട് സ്വദേശിനിയായ 69-കാരിയെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ഇതിനുശേഷം വയോധികയെ റോഡില്‍ തള്ളി ഇയാള്‍ കടന്നുകളയുകയുംചെയ്തു. ഓട്ടോയില്‍നിന്നുള്ള വീഴ്ചയില്‍ പരിക്കേറ്റ ഇവര്‍ ഒരുമണിക്കൂറോളമാണ് വഴിയരികില്‍ കിടന്നത്. ഇതിനിടെ ചിലരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ബസില്‍ കയറി കൂടരഞ്ഞിയിലെ സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സതേടിയത്.കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് 69-കാരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. തുടര്‍ന്ന് നാല് സ്ത്രീകള്‍ക്കൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോകാന്‍ തീരുമാനിച്ചു. മഴ പെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവർ  മേലപാളയത്തെ ഹോട്ടലില്‍ കയറി. ഇതിനിടെയാണ് അതുവഴിയെത്തിയ ഉണ്ണികൃഷ്ണന്റെ ഓട്ടോയില്‍ 69-കാരി കയറിയത്. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് പോകാനാണ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴിമാറി സഞ്ചരിച്ചു. വഴിമാറിയെന്ന് മനസിലായതോടെ ഓട്ടോ നിര്‍ത്താന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ കൂട്ടാക്കിയില്ല. ഇതിനുപിന്നാലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഡ്രൈവര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കുകയും ഇവരെ ഓട്ടോയില്‍നിന്ന് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ കേസില്‍ അന്വേഷണം നടത്താനായി ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് അരിച്ചുപെറുക്കി. നഗരത്തില്‍ രാത്രി ഓടുന്ന ഓട്ടോകളുടെ പട്ടികയും പരിശോധിച്ചു. ഒടുവില്‍ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉണ്ണികൃഷ്ണനാണെന്ന് വ്യക്തമായത്.

അതേസമയം, സ്ഥിരം മദ്യപിക്കുമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തകനാണ് പ്രതിയെന്നത് ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഇടപെട്ടിരുന്നതായാണ് പറയുന്നത്.

എം.സി.സി.ക്ക് സമീപത്തുനിന്നും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ കയറിയ യാത്രക്കാരിയെ വഴിതെറ്റിച്ച് ചിന്താവളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്തേക്കാണ് പ്രതി സഞ്ചരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെവെച്ചാണ് കഴുത്തിലണിഞ്ഞിരുന്ന രണ്ടുപവന്റെ മാല പൊട്ടിച്ചത്. ഇത് തടയാന്‍ ശ്രമിച്ചതോടെ വയോധികയെ ആക്രമിച്ച് ഓട്ടോയില്‍നിന്ന് തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ വയോധികയ്ക്ക് രണ്ടുപല്ലുകള്‍ നഷ്ടമായി. താടിയെല്ലിനും പരിക്കേറ്റു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജി. രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ അസി. കമ്മീഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ചേര്‍ന്നാണ് കേസില്‍ പ്രതിയെ പിടികൂടിയത്.

ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ്, സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ഇബ്രാഹിം, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമ്മണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ടൗണ്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മുരളീധരന്‍,എ.മുഹമ്മദ് സിയാദ്, ബൈജു നാഥ്.എം, സീനിയര്‍ സിപി ഒ ശ്രീജിത്ത് കുമാര്‍ പി,രജിത്ത്,സിപിഒ ജിതേന്ദ്രന്‍ എന്‍, രഞ്ജിത്ത്.സി, പ്രജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories