മിഠായിതെരുവിന്റെ ഓരത്ത് കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച കിഡ്സൺ കോർണർ ഇനിയില്ല. വ്യാപാരസമുച്ചയം എന്നതിനും അപ്പുറം നിരവധി സമരങ്ങൾക്കും ബഹുജന പരിപാടികൾക്കും സാക്ഷിയായ സാംസ്കാരിക മുഖം കൂടിയാണ് കിഡ്സൺ കോർണർ പൊളിച്ചു നീക്കിയതോടെ ഇല്ലാതായത്.
മിഠായിതെരുവിന്റെ മധുരിക്കുന്ന ഓർമ്മകളിലൂടെ കടന്നു പോകുന്നവർക്ക് കിഡ്സൺ കോർണർ ഒഴിവാക്കാനാകാത്ത ഒരു ഏടാണ്. വൈവിധ്യമാർന്ന ഭാവങ്ങളും വികാരങ്ങളും രുചിക്കൂട്ടുകളും സംഗമിച്ച സായാഹ്നങ്ങൾക്ക് മൂകസാക്ഷിയായ കെട്ടിടം.
എഴുത്തുകാർ, സിനിമ പ്രവർത്തകർ രാഷ്ട്രീയക്കാർ, തെരുവു ഗായകർ, നക്സലൈറ്റുകൾ തുടങ്ങിയവരുടെ ഇടത്താവളമായിരുന്നു കിഡ്സൺ കോർണർ. കഴിഞ്ഞദിവസമാണ് ഈ കെട്ടിടം പൊളിച്ചു നീക്കിയത്. ഈ കെട്ടിടം പൊളിച്ചു നീക്കുമ്പോൾ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ സാക്ഷ്യം കൂടിയാണ് ഇല്ലാതാകുന്നതെന്ന് ഇവിടെയുള്ള വ്യാപാരികൾ പറയുന്നു.
അതേസമയം, കാലാനുസൃതമായ മാറ്റത്തിനായി പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായക്കാരും ഉണ്ട്. പൊളിച്ചു നീക്കിയ കിഡ്സൺ കോർണറിന്റെ സ്ഥാനത്ത് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുമെന്നാണ് വിവരം. എന്നാൽ കിഡ്സൺ കോർണർ സമ്മാനിച്ച സാംസ്കാരിക സായാഹ്നങ്ങൾക്കുള്ള ഇടം പുതിയ കെട്ടിടത്തിൽ ഉണ്ടാകുമോ എന്നത് കണ്ടുതന്നെ അറിയണം.