തമിഴ്നാട്ടിലെ മുന്തിരിപ്പാടങ്ങളിൽ മാത്രമല്ല, ഹൈറേഞ്ചിലെ വീട്ടുമുറ്റത്തും മുന്തിരിവള്ളിയും മുന്തിരി കുലകളും കായ്ക്കും. ഉപ്പുതറ വളകോട് കോത പാറ പുലിക്കുഴിയിൽ കുഞ്ഞുമോൻ്റെ വീടിന് മുന്നിലാണ് മുന്തിരി ചെടി പടർന്ന് കുലകളായി മുന്തിരികൾ പഴുത്തും വിളഞ്ഞും കിടക്കുന്നത്.
ഇടുക്കി ജില്ലയുടെ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലെ കമ്പം, തേനി മേഖലകളിൽ കണ്ണെത്താ ദൂരത്തോളം മുന്തിരി പാടങ്ങൾ പടർന്നു കിടക്കാറുണ്ടെങ്കിലും ഇടുക്കിയിൽ ഇവ പച്ചപിടിക്കാറില്ലായിരുന്നു. എന്നാൽ ഇത്തരം മുൻധാരണകളെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ് കുഞ്ഞുമോൻ എന്ന മധ്യവയസ്കനായ കർഷകൻ.
വീടിൻ്റെ മുറ്റത്ത് റോഡിനോട് ചേർന്നുള്ള പുരയിടത്തിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന മുന്തിരിവള്ളികളിലായി നൂറിലേറെ മുന്തിരി കുലകളാണ് കായ്ച്ച് കിടക്കുന്നത്. പഴുത്തതും പകുതി പാകമായതുമൊക്കെയായി കിടക്കുന്ന ഇവയിൽ പകുതിയിലേറെ വീട്ടുകാർ ഇതിനോടകം വിളവെടുത്തു കഴിഞ്ഞു.
വലിയ പ്രതീക്ഷകളൊന്നുമില്ലാതെ നട്ട മുന്തിരി ചെടി അപ്രതീക്ഷിതമായി വിളവ് തന്ന സന്തോഷത്തിലാണ് കുഞ്ഞുമോനും കുടുംബാംഗങ്ങളും.
രാസവള പ്രയോഗമില്ലാതെ തൻ്റെ മുന്തിരിത്തോട്ടം വളർത്തിയെടുക്കാനാണ് കുഞ്ഞുമോന് താത്പര്യം. വീട്ടുമുറ്റത്ത് ചെറുതെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടായതറിഞ്ഞ് പരിചയക്കാരടക്കം നിരവധിപ്പേരാണ് കുഞ്ഞുമോൻ്റ വീട്ടിലെത്തുന്നത്.