തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രക്ത ബാങ്കിൽ ട്രാൻസ്ഫ്യൂഷൻ വഴി പകരാവുന്ന രോഗങ്ങളുടെ പരിശോധനയ്ക്കുള്ള നൂതന സംവിധാനമായ കെമിലുമിനെസെൻസ് മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മവും 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രക്‌തദാന ശാസ്ത്രജ്ഞരുടെ സംസ്ഥാന സമ്മേളനത്തിന്റെ ലഘുപത്രികയുടെ പ്രകാശനവും നടന്നു.
പ്രിൻസിപ്പാൾ ഡോ എൻ അശോകൻ ചടങ്ങിന്റെ ഉദ്ഘാടനവും ഉപകരണത്തിന്റെ സ്വിച് ഓൺ കർമവും നടത്തി.
കെമിലുമിനസൻസ് ടെസ്റ്റ് വഴി വളരെ ചെറിയ അളവിൽ പോലും ആന്റിജൻ അല്ലെങ്കിൽ ആന്റിബോഡികൾ കണ്ടെത്താൻ കഴിയും. എൻസൈം ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സേ (ELISA) പോലുള്ള പാരമ്പര്യ മാർഗങ്ങളെ അപേക്ഷിച്ച് ഈ രീതിയുടെ വേഗതയും കാര്യക്ഷമതയും അധികമാണ്.
കെമിലുമിനസൻസ് ടെക്നോളജി ഒട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ പ്രയോഗിക്കാൻ കഴിയുന്നതിനാൽ, പരിശോധനാ സമയവും മനുഷ്യ സഹജമായ പിഴവിന്റെ സാധ്യതയും കുറക്കാൻ ഇത് സഹായിക്കുന്നു.
ആശുപതി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്തോഷ് പി വി, രക്തബാങ്ക് മേധാവി ഡോ സജിത്ത് വിളമ്പിൽ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ അർച്ചന കെ എ, ഡോ അഞ്ജലി പി എസ്, ഡോ ആഷ്‌ലി മോൺസൺ മാത്യു, ഡോ നിത്യ എം ബൈജു എന്നിവർ സംബന്ധിച്ചു.
രക്‌തദാന ശാസ്ത്രജ്ഞരുടെ സംഘടനയുടെ (ISBTI) കേരള ചാപ്റ്ററും തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും സംയുക്തമായി നടത്തുന്ന വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി പതിനാറാം തീയതി അലുമിനി ഓഡിറ്റോറിയത്തിൽ നടക്കും.
ഈ ശാസ്ത്ര സമ്മേളനത്തിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ വിദഗദ്ധർ ഏറ്റവും പുതിയ ഗവേഷണങ്ങൾ, ക്ലിനിക്കൽ അനുഭവങ്ങൾ, ആധുനിക വെല്ലുവിളികൾ, നവീകരണങ്ങൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങൾ, രക്തപ്പകർച്ച സമ്പ്രദായങ്ങളിലെ അത്യാധുനിക സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ പങ്കിടും. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങളുടെ അവതരണവും ക്വിസും ഉണ്ടായിരിക്കും.
രക്തം സ്വീകരിക്കുന്ന രോഗികളുടെ പരിചരണത്തിന്റെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ സമ്മേളനം വലിയ പങ്ക് വഹിക്കുമെന്ന് ISBTI കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ സജിത്ത് വിളമ്പിൽ വ്യക്തമാക്കി