ആലപ്പുഴ: ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍ വീണു. ആലപ്പുഴ കരുവാറ്റ ചെമ്പുതോട്ടിലെ കടവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ചങ്ങാടം മറിഞ്ഞ് തോട്ടില്‍ വീഴുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
നാട്ടുകാര്‍ക്ക് തോട് മുറിച്ചുകടക്കാനായി നിര്‍മിച്ച ചെറിയ ചങ്ങാടമാണ് ഉദ്ഘാടന യാത്രയില്‍ തന്നെ തലകീഴായി മറിഞ്ഞത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, വൈസ് പ്രസിഡന്റ് പൊന്നമ്മ എന്നിവരുള്‍പ്പെടെയാണ് വെള്ളത്തില്‍ വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നാല് വീപ്പകള്‍ ചേര്‍ത്തുവച്ച് അതിന് മുകളില്‍ പ്ലാറ്റ്ഫോം കെട്ടി നിര്‍മിച്ച ചങ്ങാടമാണ് മറിഞ്ഞത്.
കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റി ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. ചങ്ങാടത്തിലുണ്ടായിരുന്നവര്‍ക്ക് നീന്തല്‍ അറിയാമായിരുന്നതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല.