കൊച്ചിയിൽ ഷവർമ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. കോട്ടയം സ്വദേശിയായ രാഹുൽ ആർ നായരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. കാക്കനാട് സെസിലെ ജീവനക്കാരനാണ് രാഹുൽ. കാക്കനാട് മാവേലിപുരത്തുളള ഹയാത്ത് ഹോട്ടലിൽ നിന്നാണ് രാഹുൽ ഷവർമ്മ കഴിച്ചത്.
ബുധനാഴ്ച വൈകിട്ടാണ് സുഹൃത്തുമൊത്ത് ഇയാൾ ഷവർമ്മ കഴിക്കാൻ എത്തിയത്. രാത്രി മുതൽ ശാരീരക അസ്വസ്ഥത ഉണ്ടായി. പിന്നീട് കൂടുതൽ വഷളായതിനെ തുടർന്ന് സൺറൈസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഹൃദയാഘാതം ഉണ്ടായ ഇയാളുടെ വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഷവർമ്മ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതെന്ന് ബന്ധുക്കൾ പോലീസിൽ മൊഴി നൽകി.
തൃക്കാക്കര നഗരസഭാ അധികൃതർ ഹോട്ടൽ അടച്ചു പൂട്ടി. ഇവിടെ നിന്നും സാമ്പിളും ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം തേടിയ ആരോഗ്യമന്ത്രി അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.