കോഴിക്കോട് നിപ സംശയിക്കുന്ന 14 കാരന് ചെള്ള്പനി സ്ഥിരീകരിച്ചു. നിപ പരിശോധന ഫലം വൈകിട്ടോടെ പുറത്ത് വരുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വി.ആർ.വിനോദ് വ്യക്തമാക്കി. അതിനിടെ നിപ പ്രോട്ടോക്കോൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ മലപ്പുറം പാണ്ടിക്കാട് ഭാഗങ്ങളിൽ ആരംഭിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി.
മലപ്പുറം പാണ്ടിക്കാടെ 14 കാരനെയാണ് നിപ സംശയത്തെ തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ കുട്ടി. അതിനിടയിൽ അവിടെ നിന്നും സാമ്പിളുകൾ എത്തിച്ച് കൊച്ചിയിലെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ 14 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു.
കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മൂന്നു പേർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതുകൊണ്ടുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഈ ഘട്ടത്തിൽ മാറ്റേണ്ട എന്നാണ് തീരുമാനം.
നിപയുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനായി സ്രവസാമ്പിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിസൾട്ട് വരും മുൻപ് തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും മലപ്പുറം ജില്ലാ കളക്ടർ വി.ആർ.വിനോദ് പറഞ്ഞു.
അതിനിടയിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഓൺലൈനായി ഉന്നതര യോഗം ചേർന്നു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടർമാരും ഡിഎംഒമാരും യോഗത്തിൽ പങ്കെടുത്തു.
നിപ പ്രോട്ടോകോൾ പാലിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായും മന്ത്രി വീണാ ജോർജ് നേരിട്ട് എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനിച്ചു. അതിൻറെ ഭാഗമായി മന്ത്രി മലപ്പുറത്തേക്ക് എത്തും. അതിനുശേഷമായിരിക്കും നിപ പരിശോധനാഫലം ഔദ്യോഗികമായി പുറത്തുവിടുക.