ഏലക്ക വില 3000 ലേക്ക് എത്തി. ഒരു മാസത്തിനിടെ ആയിരം രൂപയാണ് കൂടിയത്.എന്നാൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതിനാൽ കർഷകർക്ക് വില വർദ്ധനയുടെ ഗുണം കാര്യമായി ലഭിക്കില്ല.
ഒരു മാസം മുമ്പ് വരെ ഏലക്കയുടെ ശരാശരി വില 2000 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ വിലയിൽ 1000 രൂപയുടെ വർദ്ധന ഉണ്ടായി. പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ലേലത്തിൽ 3200 വരെ രേഖപ്പെടുത്തി. കട്ടപ്പന, നെടുങ്കണ്ടം,ശാന്തൻപാറ തുടങ്ങിയ കമ്പോളങ്ങളിൽ 3000 രൂപവരെ ലഭിക്കുന്നുണ്ട്. കടുത്ത വേനലിൽ വ്യാപകമായി ഏലം കൃഷിനശിച്ചിരുന്നു. ഇതുമൂലം ഇത്തവണ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു.
ഒരു വർഷം ആറ് തവണ വരെ ഏലക്ക വിളവെടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു തവണ മാത്രമാണ് പല തോട്ടങ്ങളിലും വിളവെടുപ്പ് നടത്താൻ കഴിഞ്ഞത്.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഒച്ച് ശല്യവും ഏലം കൃഷിക്ക് വൻ തിരിച്ചടിയായി. വളങ്ങളുടേയും കീടനാശിനികളുടേയും വില കുതിച്ചുയർന്നു. കൃഷിച്ചിലവ് കൂടിയതും ഉത്പാദനം കുറഞ്ഞതും മൂലം ഏലം വില വർദ്ധനവിൻ്റെ ഗുണം കർഷകർക്ക് ലഭിക്കാതെ പോകുകയാണ്.