കാസർകോട് , നീലേശ്വരം മന്നംപുറത്ത് കാവിലെ പ്രസിദ്ധമായ കലശ മഹോത്സവം ഇന്ന്.ഇതോടെ വടക്കേ മലബാറിലെ കളിയാട്ട കാലത്തിന് സമാപനമാകും.ആർപ്പ് വിളികളോടെ കളരികളിൽ നിന്നുള്ള പൂക്കാർ സംഘം ഭഗവതിയുടെ കലശോത്സവ ചടങ്ങിനായി കവുങ്ങിൻ പൂക്കുലകൾ ശേഖരിച്ചു.
നീലേശ്വരം മന്നം പുറത്ത് കാവിൽ ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന പ്രസിദ്ധമായ കലശ മഹോൽസവത്തോടെ 6 മാസക്കാലം നീണ്ട തെയ്യാട്ടക്കാലത്തിന് സമാപനം കുറിക്കും.കലശോത്സവ ദിനത്തിൽ ദർശനം തേടിയെത്തുന്ന പതിനായിരങ്ങളാൽ കാവ് നിറയും.
കലശ മഹോത്സവത്തിൻ്റെ ഭാഗമായി തെക്ക്-വടക്ക് കളരികളിൽ നിന്നുള്ള പൂക്കാർ സംഘം ആർപ്പ് വിളികളോടെ കലശത്തട്ട് അലങ്കരിക്കുന്നതിനുള്ള കവുങ്ങിൻ പൂക്കുലകളും, ചെക്കി പൂക്കളും ശേഖരിച്ചു. ക്ഷേത്ര സ്ഥാനികൻമാരുടെ നേതൃത്വത്തിലാണ് വാല്യക്കാർ പൂക്കുലകൾ ശേഖരിക്കാൻ മടിക്കൈ ഗ്രാമത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ എത്തിയത്.
കലശ മഹോൽസവത്തിൽ പ്രധാന ഭഗവതിയുടെ തിരുമുടിയേറ്റുന്ന കോലധാരി സുരേഷ് ബാബു അഞ്ഞൂറ്റാൻ ചടങ്ങുകൾ വിശദമാക്കി.ഞായറാഴ്ച വൈകിട്ട് പ്രസന്ന പൂജ കഴിഞ്ഞ് നാളികേര മുടക്കുന്നതോടെ തിരുവർക്കാട്ട് ഭഗവതി, ക്ഷേത്രപാലകനീശ്വരൻ, നടയിൽ ഭഗവതി, കൈക്ലോൻ തെയ്യങ്ങളും 2 കലശ കംഭങ്ങളും കാവ് വലം ചെയ്യും.
ആര്യക്കര ഭഗവതീ ക്ഷേത്രത്തിൽ നിന്നുള്ള മീൻകോവ വരവും നടക്കും.വളപട്ടണം കളരിവാതുക്കൽ മാടായിക്കാവ് എന്നിവിടങ്ങളിലും കളിയാട്ടങ്ങൾക്ക് സമാപനം കുറിച്ചുള്ള കലശ മഹോത്സവം നടക്കും.