അട്ടപ്പാടി ഷോളയൂരില്‍ തുടർച്ചയായ മൂന്നാം ദിവസവും മാങ്ങാക്കൊമ്പൻ എത്തി. കടമ്പാറ ഊരിലാണ് ഇന്നലെ രാത്രി മാങ്ങാക്കൊമ്പൻ എത്തിയത്. ജനവാസ മേഖലയിലെ കൊമ്പന്റെ ചിന്നംവിളി കേട്ട് പരിഭ്രാന്തരായ നാട്ടുകാർ പടക്കം പൊട്ടിച്ച് ആനയെ കാട് കയറ്റി. തുടർച്ചയായ മൂന്നാം ദിവസമാണ് മാങ്ങാകൊമ്പൻ ജനവാസ മേഖലയിൽ എത്തുന്നത്.
തുടർച്ചയായി കൊമ്പൻ എത്തുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ ആർ.ആർ.ടി വിഭാഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊമ്പൻ വീണ്ടും ഇറങ്ങിയാൽ ആനയെ കാടുകയറ്റാനായി രാത്രി ഏറെ വൈകിയും വനപാലകർ പ്രദേശത്തുണ്ടായിരുന്നു.