വിത്തുല്‍പാദന കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ 2 ടണ്‍ വിത്ത് മുളച്ചില്ല. തൃശ്ശൂർ വരന്തരപ്പിള്ളി കരയാംപാടത്തെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. എടത്തിരുത്തിയിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍നിന്നു വാങ്ങിയ വിത്താണ് മുളയ്ക്കാതെ പോയത്.
തൃശ്ശൂർ വരന്തരപ്പിള്ളി കരയാം പാടത്തെ കർഷകർ കണ്ണീരു കുടിക്കുകയാണ്. ഒരു സീസണ്‍ നഷ്ടമാകുന്നതിനു പുറമേ, നിലമൊരുക്കാന്‍ ചെലവിട്ട 8.4 ലക്ഷം രൂപയുമാണ് വെള്ളത്തിലായത്. വരന്തരപ്പിള്ളി കൃഷിഭവനില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് 30 കിലോഗ്രാമിന്റെ 69 ചാക്ക് 'ജ്യോതി' വിത്തു വാങ്ങിയത്.
100 ഏക്കര്‍ പാടശേഖരത്തിലെ 70 ഏക്കറില്‍ വിരിപ്പുകൃഷി ഇറക്കി. 20 ശതമാനം വിത്തു മാത്രമാണ് മുളച്ചത്. സാംപിള്‍ വിതച്ചതു മുളച്ച ധൈര്യത്തിലാണു വിത്ത് വാങ്ങിയതെന്നു പാടശേഖര സമിതി പ്രസിഡന്റ് ഡേവിസ് തുലാപറമ്പില്‍ പറഞ്ഞു.
പരാതിയുമായി കര്‍ഷകര്‍ എത്തിയപ്പോള്‍, വിതച്ച വിത്ത് തിരികെക്കൊണ്ടുവന്നാല്‍ പകരം വിത്തു നല്‍കാമെന്ന വിചിത്ര മറുപടി നല്‍കി വിത്തുഗവേഷക കേന്ദ്രം അധികൃതര്‍ കൈമലര്‍ത്തി. മുണ്ടകന്‍ കൊയ്ത്തില്‍നിന്നുള്ള 40 ടണ്‍ നെല്ലിന്റെ പണം 2 മാസമായിട്ടും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല.
കൂടാതെ കാലാവര്‍ഷം വ്യതിയാനം മൂലം കഴിഞ്ഞ തവണത്തെ കൃഷിയും വെള്ളം കയറി നശിച്ചു. അതിന്റെ ഇന്‍ഷുര്‍ തുകയും നാളുകള്‍ കഴിഞ്ഞിട്ടും കിട്ടിയില്ല. കടം വാങ്ങിയും ലോണെടുത്തും കൃഷിയിറക്കിയ കര്‍ഷകന് ഇനി കൃഷി ചെയ്യണമെങ്കില്‍ അധികച്ചെലവുണ്ടാകും.
ഇതിന് അധികൃരുടെ പക്കലില്‍ നിന്നും കര്‍ഷകനെ സഹായിക്കാനുള്ള നടപടിയുണ്ടാകണമെന്ന് പാടശേഖര സമിതി സെക്രട്ടറി ജിജോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കര്‍ഷരുടെ അധ്വാനം പാഴായതോടെ ഇനി വരുന്ന വിത്തിന്റെ ഗുണനിലവാരത്തെപ്പറ്റിയും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.
ഇതോടെ സ്വകാര്യ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് വിത്ത് വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ് കര്‍ഷകര്‍. വിത്തുഗവേഷക കേന്ദ്രത്തിന്റെ വീഴ്ചക്കെതിരെ നടപടിയുണ്ടാകണമെന്നും കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.