നിയമസഭാ ഉപതിരഞ്ഞെടുപ്പിന് പാലക്കാട് ഒരുങ്ങുമ്പോള്‍ വോട്ടുപിടിക്കാനുള്ള തിരക്കിട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. എന്നാല്‍ ഏറെ പ്രതീക്ഷ നല്‍കുന്നതും നെഞ്ചിടിപ്പേറ്റുന്നതും മണ്ഡലത്തിലെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രങ്ങളാണ്. പാലക്കാട് മണ്ഡലത്തില്‍ 1957 മുതല്‍ 2021 വരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 11 തവണ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചപ്പോള്‍ അഞ്ചുതവണ ഇടതുമുന്നണി വിജയിച്ചു.
1957 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍ രാഘവമേനോനാണ് പാലക്കാട് ആദ്യമായി വിജയക്കൊടി പാറിച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എം.പി. കുഞ്ഞിരാമനായിരുന്നു രാഘവമേനോന് എതിരാളി. 1960-ലും പാലക്കാട്ടുകാരുടെ സ്നേഹം രാഘവമേനോനായിരുന്നു. എന്നാല്‍ 1965 ല്‍ എത്തിയപ്പോള്‍ സിപിഎമ്മിലെ എം.വി വാസുവായിരുന്നു വിജയി.
വാസുവിന് എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത് കോണ്‍ഗ്രസിലെ സുന്നാസാഹിബും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടായശേഷമുള്ള ഈ തിരഞ്ഞെടുപ്പില്‍ സി.പി.െഎ. സ്ഥാനാര്‍ഥിയായി കെ.സി. ഗോപാലനും മത്സരിച്ചിരുന്നു. 1967 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ശങ്കരനാരായണനെ പിന്‍തള്ളി സിപിഎമ്മിലെ ആര്‍ കൃഷ്ണന്‍ വിജയിച്ചു. 1970 ലും ഈ വിജയം ആവര്‍ത്തിക്കാന്‍ കൃഷ്ണനായി.
പാലക്കാട്ടുകാര്‍ക്ക് സുന്ദര കാലം തുടങ്ങിയത് 1977ല്‍ നടന്ന ആറാം നിയമസഭാ തെരഞ്ഞെടുപ്പിലാണ്. ചാത്തപ്പുരത്തെ മിനര്‍വാ ബില്‍ഡിങ്‌സില്‍ സാധാരണക്കാരനായി ജീവിച്ച സി.എം. സുന്ദരം തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭയില്‍ പാലക്കാടിനെ പ്രതിനിധാനംചെയ്തു. നാലുതവണ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന സി.എം. സുന്ദരം 91-ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. എന്നാല്‍ 1996-ല്‍ സി.പി.എമ്മിലെ ടി.കെ. നൗഷാദ് സി.എം. സുന്ദരത്തെ അട്ടിമറിച്ചു.
2001-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തിയ കെ. ശങ്കരനാരായണന്‍ ടി.കെ. നൗഷാദിനെ കീഴടക്കി പാലക്കാട് തിരിച്ചുപിടിച്ചു. 2006-ല്‍ സി.െഎ.ടി.യു. സംസ്ഥാന സെക്രട്ടറികൂടിയായിരുന്ന കെ.കെ. ദിവാകരന്‍ യു.ഡി.എഫിനെ ഞെട്ടിച്ചു. പിന്നീടുള്ള മൂന്നുതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി, കോണ്‍ഗ്രസിലെ ഷാഫി പറമ്പിലായിരുന്നു വിജയി. ഷാഫി പറമ്പില്‍ എംഎല്‍എ സ്ഥാനം രാജിവച്ച് എംപിയായതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.