മൂന്നാര്‍ രാജമലയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയുമായി ദേവികുളം എംഎല്‍എ, എ രാജ. രാജമല അഞ്ചാംമൈലിനു സമീപം പുതുതായി മറ്റൊരു പാലം നിര്‍മ്മിക്കാനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം മണ്ണ് പരിശോധന നടത്തി.
പാലം യാഥാര്‍ത്ഥ്യമായാല്‍ അന്തര്‍ സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ പുതിയ പാലത്തിലൂടെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സഞ്ചാരികൾ ഏറെ എത്തുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല അഞ്ചാം മൈലിനു സമീപം റോഡിൻറെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ വലിയ ഗതാഗത കുരുക്കാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്.
ദേവികുളം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി രാജമലയിലെ ഗതാഗത കുരുക്കിലകപ്പെട്ട് മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ഗതാഗത കുരുക്ക് രൂക്ഷമായാൽ രാജമല അഞ്ചാം മൈലിനു സമീപത്തെ പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ മണിക്കൂറുകൾ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഗതാഗത കുരുക്കൊഴിവാക്കാൻ മറ്റൊരു പുതിയ പാലം ദേവികുളം എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാരിന്റെ ഉത്തരവുപ്രകാരം മണ്ണുപരിശോധന പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം നടത്തിവരികയാണ്.
സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഏഴര മീറ്റർ വീതിയിലായിരിക്കും പാലത്തിന്റെ നിർമാണം. ഒന്നര മീറ്റർ വീതിയിൽ ഒരുവശത്ത് ഫൂട്പാത്തും നിർമിക്കും.