കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമം. ഭക്തിസാന്ദ്രമായ ഈ കാഴ്ച കണ്ട് തൊഴാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തും.
കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വാനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിയില്‍ ത്രിസന്ധ്യക്കാണ് ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നത്. ദേവരഥ സംഗമം കണ്‍നിറയെ കാണാന്‍ പതിനായിരങ്ങള്‍ കല്‍പാത്തിയിലേക്ക് ഒഴുകിയെത്തും.
നിറച്ചാര്‍ത്തണിഞ്ഞ സായം സന്ധ്യയില്‍ ഭക്തമാനസങ്ങളില്‍ മന്ത്രോച്ചാരണങ്ങള്‍ നിറയും. വര്‍ണ വിസ്മയത്തില്‍ താളമേളത്തില്‍ ജനം അലിഞ്ഞു നില്‍ക്കെ നാല് ക്ഷേത്രങ്ങളിലെ ആറ് രഥങ്ങള്‍ സംഗമിക്കും.
മൂന്നാം തേരുത്സവ ദിനമായ ഇന്ന് പഴയ കല്‍പ്പാത്തി ലക്ഷ്മീ നാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ തേരും അഗ്രഹാര വീഥിയില്‍ പ്രയാണം നടത്തും.
വിശാലാക്ഷി സമേതനായ വിശ്വനാഥ സ്വാമി, ഗണപതി, സുബ്രഹ്‌മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകള്‍ പ്രദക്ഷിണ വഴികളിലുണ്ട്. ബുധനാഴ്ചയാണ് ദേവരഥങ്ങള്‍ കല്‍പ്പാത്തി തെരുവുകളിലൂടെ പ്രദക്ഷിണം ആരംഭിച്ചത്.