കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റിലെ 500 ലധികം താമസക്കാർ ഗുരുതര ആരോഗ്യ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ. ഫ്ലാറ്റിലെ വെള്ളത്തിൽ അണുബാധ ഉണ്ടായതാണ് കാരണമെന്ന് താമസക്കാർ ആരോപിച്ചു. ജില്ലാ ആരോഗ്യ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.
മെയ് മാസത്തിൽ തന്നെ ഫ്ലാറ്റിലെ താമസക്കാത്ത് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കഴിഞ്ഞ 4 ദിവസമായി പ്രശ്നം കൂടുതൽ വഷളായി. 500 ഓളം ആളുകളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 25 ലധികം കുട്ടികളും ഉൾപ്പെടുന്നു.
കുടി വെള്ളത്തിൽ അണുബാധ ഉണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നിഗമനം. മെയ് 29 ന് വന്ന ജല സാമ്പിൾ പരിശോധനയിൽ ഇ കോളെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി ഫ്ലാറ്റിലെ താമസക്കാരൻ അഡ്വ. ഹരീഷ് ചൂണ്ടിക്കാട്ടി.
അതേസമയം, വെള്ളത്തില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്ന് ഡിഎല്‍എഫ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികരിച്ചു. ആരോഗ്യവകുപ്പ് എത്തി എല്ലാ ജല സ്രോതസ്സുകളും അടക്കുകയും വൃത്തിയാക്കുകയും ചെയ്തു. അതിനാൽ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ജില്ല മെഡിക്കൽ ഓഫീസർ, എം എൽ എ ഉമ തോമസ് അടക്കമുള്ളവർ ഫ്ലാറ്റ് സന്ദർശിച്ചു. ഡി എം ഒ യുടെ നേതൃത്വത്തിൽ അടിയന്തര യോഗം കൂടി നടപടികൾ എടുത്തിട്ടുണ്ട്. 5000 ത്തോളം ആളുകളാണ് DLF ഫ്ലാറ്റിൽ താമസിക്കുന്നത്. ഓരോ ബ്ലോക്കിലെയും 50ലധികം ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.